തിലകമണിയുന്നത് നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണ്. സ്ത്രീകൾ പൊട്ടും പുരുഷന്മാർ തിലകവും അണിയുന്നു. വിവാഹിതരായ സ്ത്രീകളാണെങ്കിൽ സീമന്തരേഖയിൽ കൂടി കുങ്കുമം അണിയുന്നു.ശിവശക്തി സംബന്ധം പോലെ ഭൂമിയിൽ സൃഷ്ടിക്ക് തയ്യാറാകുന്ന മനുഷ്യസ്ത്രീ പുരുഷനു പത്‌നിയാകുമ്പോൾ സ്ത്രീക്ക് പരമാത്മപുരുഷൻ എന്ന അഭയസ്ഥാനം അപ്രസക്തമാകുന്നുവെന്നും അതുകൊണ്ട് പരമാത്മസ്ഥാനത്തേക്കു പോകുന്ന സീമന്തരേഖയെ ആസക്തിയുടെ ചിഹ്നമായ ചുവപ്പു നിറം കൊണ്ട് മറയ്ക്കുന്നുവെന്നാണ് ഇതിന് പിന്നിലുള്ള വിശ്വാസം. സൃഷ്ടിക്കാവശ്യമായ നിറമായാണ് ചുവപ്പിനെ കണക്കാക്കുന്നത്.
കാണാൻ അഴകും ഐശ്വര്യവും ഉള്ള ഈ കുങ്കുമപൊട്ട് നമുക്ക് വീട്ടിൽ നിർമ്മിച്ചാലോ? മായവും രാസവസ്തുക്കളും ചേരാത്ത അടിപൊളി കുങ്കുമം ഈസിയായി വീട്ടിലുണ്ടാക്കാം.
മഞ്ഞൾപ്പൊടി,തൈര്,നാരങ്ങനീര് എന്നിവമാത്രമാണ് കുങ്കുമം തയ്യാറാക്കുന്നതിനായി വേണ്ടത്. മഞ്ഞൾ വാങ്ങി വീട്ടിൽ ഉണക്കിപ്പൊടിച്ചത് ഒരു വലിയ പ്ലേറ്റ് നിറയെ എടുക്കുക. ഇതിലേക്ക് 4-5 സ്പൂൺ തൈര് ചേർത്ത് നന്നായി മിക്‌സ് ചെയ്യുക. കുഴക്കുകയല്ല മിക്‌സ് ചെയ്യുക. അതിന് ശേഷം കുരുകളഞ്ഞ 4-5 വരെ ചെറുനാരങ്ങയുടെ നീര് ചേർക്കുക. നന്നായി തന്നെ ഇളക്കി യോജിപ്പിക്കുക. പാത്രത്തിൽ നന്നായി പരത്തിവച്ച് 15 മിനിറ്റ് നല്ല വെയിലിൽ വയ്ക്കുക. അലർജിയും ചൊറിച്ചിലും ഇല്ലാത്ത നല്ല ചുകചുകാന്നിരിക്കുന്ന കുങ്കുമം വീട്ടിൽ തയ്യാർ.
Discussion about this post