തൃശൂർ: വെടിക്കെട്ട് ചടങ്ങ് അല്പം നേരം വൈകി എന്ന് മാത്രമേ ഉള്ളുവെന്നും തൃശൂർ പൂരം കലങ്ങിയിട്ടില്ല എന്നുമുള്ള മുഖ്യമന്ത്രി പിണറായി വിജയൻറെ വാദം തള്ളി തിരുവമ്പാടി ദേവസ്വം. പൂരം എന്താണെന്ന് മുഴുവനായി മനസിലാക്കിയാലേ തടസമുണ്ടായോ ഇല്ലയോ എന്ന് അറിയാന്‍ കഴിയൂ എന്ന് ദേവസ്വം സെക്രട്ടറി കെ. ഗിരീഷ്‌കുമാര്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. പുലര്‍ച്ചെ എഴുന്നള്ളിപ്പ് തുടങ്ങുന്ന സമയം മുതല്‍ തടസ്സങ്ങള്‍ ഉണ്ടായിരുന്നുവെന്നും സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ സംഘം ഇതുവരെ ദേവസ്വത്തെ സമീപിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“പൂരം എന്താണെന്ന് ആദ്യം മനസിലാക്കണം. 36 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ചടങ്ങുകളാണ് തൃശ്ശൂര്‍ പൂരത്തിന്റെ ഭാഗമായുള്ളത്. അവയെല്ലാം ഒന്നൊഴിയാതെ കൃത്യമായി നടക്കണം. എങ്കിലേ പൂരം ഭംഗിയായി, പൂര്‍ണമായി നടന്നൂ എന്ന് പറയാന്‍ കഴിയൂ. എന്നാല്‍ ഇത്തവണ പുലര്‍ച്ചെ എഴുന്നള്ളിപ്പ് തുടങ്ങുന്ന സമയം മുതല്‍ പല രീതിയിലുള്ള തടസ്സങ്ങള്‍ സൃഷ്ടിക്കപ്പെട്ടു” ഗിരീഷ് കുമാർ വ്യക്തമാക്കി.
നേരത്തെ തൃശൂര്‍ പൂരം കലങ്ങിയിട്ടില്ലെന്നും ആകെ സംഭവിച്ചത് വെടിക്കെട്ട് അല്‍പം വൈകി എന്നതാണെന്നും പറഞ്ഞ മുഖ്യമന്ത്രി ഇതിന്റെ പേരാണോ പൂരം കലക്കല്‍ എന്നും ചോദിച്ചിരുന്നു . പി. ജയരാജന്‍ രചിച്ച് മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ‘കേരളം: മുസ്ലീം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്ലാം’ എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കവെയാണ് ഇത്തരത്തിലൊരു വ്യാഖ്യാനം പിണറായി വിജയൻ നൽകിയത്.
Discussion about this post