സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ട്രെൻഡിങ് ആയിരിക്കുന്ന ഒരു പദമാണ് ‘അണ്ടർ കൺസംപ്ഷൻ’. നമ്മുടെ നാട്ടിൽ ഇതിനെ പിശുക്ക് എന്നൊക്കെ വിളിക്കുമെങ്കിലും മിതവ്യയ ജീവിതശൈലി എന്നാണ് പരിഷ്കാരികൾ ഇതിനെ പറയാറ്. അത്തരത്തിൽ സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധ നേടിയ അണ്ടർ കൺസപ്ഷൻ മൂവ്‌മെൻ്റിൻ്റെ വക്താക്കൾ ആയ രണ്ട് കോടീശ്വരികളുടെ ജീവിതമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
അമേരിക്കയിൽ കോടിക്കണക്കിന് ഡോളറിന്റെ ഭൂസ്വത്തുകളും നിക്ഷേപങ്ങളും ഒക്കെയുള്ള ഷാങ് സാവേദ്ര എന്ന സംരംഭകയാണ് അണ്ടർ കൺസംപ്ഷൻ പ്രധാന വക്താക്കളിൽ ഒരാൾ. ഹാർവാർഡ് ബിരുദധാരിയും പേഴ്സണൽ ഫിനാൻസ് ബ്ലോഗറുമാണ് ഷാങ് സാവേദ്ര. സാവേദ്രയും അവളുടെ ഭർത്താവും ലോസ് ഏഞ്ചൽസിൽ ചെറിയൊരു വാടക വീട്ടിലാണ് താമസം. 16 വർഷങ്ങൾക്കു മുൻപ് വാങ്ങിയ ഒരു സെക്കൻഡ് ഹാൻഡ് കാർ ആണ് ഈ ദമ്പതികൾ ഇപ്പോഴും ഉപയോഗിക്കുന്നത്. കുട്ടികൾക്ക് കളിപ്പാട്ടങ്ങൾ വാങ്ങുമ്പോൾ പോലും ഓൺലൈൻ മാർക്കറ്റിൽ നിന്ന് ഏറ്റവും വില കുറഞ്ഞവ നോക്കിയാണ് തിരഞ്ഞെടുക്കാനുള്ളത് എന്നാണ് ഷാങ് സാവേദ്ര പറയുന്നത്. ഇനി എവിടെയെങ്കിലും യാത്ര പോകണമെങ്കിലോ ചിലവ് ചുരുക്കാൻ ആയി ഫ്രോസൺ ഭക്ഷണവും കൊണ്ടാണ് യാത്രകൾ പോലും പോകാറുള്ളതത്രെ. എന്നാൽ താൻ സജീവമായി ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യാറുണ്ട് എന്നാണ് സാവേദ്ര വെളിപ്പെടുത്തുന്നത്.
ഗവേഷകയും പേഴ്‌സണൽ ഫിനാൻസ് കോച്ചുമായ ആനി കോൾ ആണ് മിതവ്യയ ജീവിതശൈലിയുടെ മറ്റൊരു പ്രമുഖ വക്താവ്. ജീവിത ചിലവുകൾ ചുരുക്കിക്കൊണ്ട് താൻ ഒരു മില്യൺ ഡോളറിലേറെ സമ്പാദിച്ചു എന്നാണ് ആനി കോൾ വ്യക്തമാക്കുന്നത്. കോടികളുടെ സ്വത്ത് ഉണ്ടായിട്ടും താൻ മുടി വെട്ടാൻ പോലും പണം അനാവശ്യമായി ചെലവാക്കാറില്ല എന്ന് ആനി പറയുന്നു. ചിലവ് ചുരുക്കാൻ ആയി സ്വയം ഭക്ഷണം പാകം ചെയ്യുകയും വീട്ടുകാര്യങ്ങൾ നോക്കുകയും ചെയ്യുന്നു. ധാരാളം സമ്പത്ത് ഉണ്ടെങ്കിലും തന്റെ ജീവിതശൈലിയിലൂടെ വെറും 4000 ഡോളർ കൊണ്ട് ഒരു മാസം തന്റെ കുടുംബത്തിനും ജീവിക്കാൻ കഴിയും എന്നാണ് ആനി കോൾ വ്യക്തമാക്കുന്നത്.
Discussion about this post