പാലക്കാട്: തേങ്കുറിശ്ശി ദുരഭിമാന കൊലയിൽ തൃപ്തിയില്ലെന്ന് അനീഷിന്റെ കുടുംബം. ഇരട്ട ജീവപര്യന്തമോ വധശിക്ഷയോ ആണ് പ്രതീക്ഷിച്ചരുന്നത്. എന്നാൽ, അതുണ്ടായില്ല. ഗൂഡാലോചന ഉൾപ്പെടെയുള്ള കാര്യങ്ങൾ വിധിയിൽ ഇല്ല. കൂടുതൽ ശിക്ഷ ലഭിക്കാനായി അപ്പീലിന് പോവുമെന്നും കുടുംബം പറഞ്ഞു.
വിചാര ഘട്ടത്തിൽ നിരന്തരം ഭീഷണി നേരിട്ടുവെന്ന് അനീഷിന്റെ ഭാര്യ ഹരിത വ്യക്തമാക്കി. തന്നെയും കൊല്ലുമെന്ന് പറഞ്ഞു. അവർക്ക് ഈ ശിക്ഷ പോര. വധശിക്ഷ തന്നെ കൊടുക്കണം. അവർ ഇനി പുറത്തിറങ്ങിയാൽ തന്നെയും അനീഷേട്ടന്റെ വീട്ടുകാരെയും കൊല്ലും. അതുകൊണ്ട് അവർ പുറത്തിറങ്ങരുത്. ഇപ്പോഴും കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്താറുണ്ടെന്നും ഹരിത പറഞ്ഞു.
എനിക്കും അനീഷേട്ടന്റെ വീട്ടുകാർക്കും ജീവിക്കണ്ടേ.. എത്രകാലം ഇവരെ പേടിച്ച് ജീവിക്കും. ഞങ്ങൾക്ക് ഇനിയും ഇവിടെ ജീവിക്കണം. തെറ്റ് ചെയ്തിട്ടും തെറ്റൊന്നും ചെയ്തില്ലെന്നാണ് അവർ പറയുന്നത്. ഞങ്ങൾ ചെയ്തത് എന്താണെന്ന് നീ തിങ്കളാഴ്ച അറിയും എന്ന് പറഞ്ഞിട്ടാണ് അവർ പോയത്. ചിരിച്ചിട്ടാണ് അവർ പോയത്’- ഹരിത കൂട്ടിച്ചേർത്തു. അതേസമയം, ശിക്ഷ വിധിച്ചിട്ടും ഒരു കൂസലുമില്ലാതെയാണ് പ്രതികൾ നിന്നരുന്നത്.
പ്രതികൾക്ക് ജീവപര്യന്തം തടവും അരലക്ഷം പിഴയും ശിക്ഷ വിധിച്ചു കോടതി. ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂർ സുരേഷ്, തേങ്കുറുശ്ശി ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂർ പ്രഭുകുമാർ എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ട് കോടതി ശിക്ഷ വിധിച്ചത്.
പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് വിധിപറഞ്ഞത്. മാദ്ധ്യമങ്ങൾക്ക് മുമ്പിൽ മകൾ പൊട്ടിക്കരയുമ്പോഴും ചെറി ചിരിയോടെ നോക്കി നിൽക്കുന്ന അമ്മാവനെയും പിതാവിനെയുമാണ് ഏവർക്കും കാണാനായത്. തങ്ങളുടെ മകൾ ചെയ്ത കുറ്റത്തിന് ഒരു ശിക്ഷ നൽകിയെന്ന തരത്തിലായിരുന്നു പ്രതികളുടെ പ്രതികരണം.
കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ ഹരിതയുടെ അച്ഛനും അമ്മാവനും കുറ്റക്കാരെന്നു കോടതി കണ്ടെത്തിയിരുന്നു. ഹരിതയെ ജാതിയിലും സമ്പത്തിലും അന്തരമുള്ള അനീഷ് വിവാഹം ചെയ്‌തെന്ന കാരണത്താൽ അമ്മാവനും അച്ഛനും ചേർന്ന് അനീഷിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. മേൽജാതിക്കാരിയായ ഹരിതയെ പിന്നോക്കക്കാരനായ അനീഷ് പ്രണയിച്ച് വിവാഹം കഴിച്ചതിലുള്ള പകയാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് പ്രോസിക്യൂഷൻ കഴിഞ്ഞ ദിവസം വാദിച്ചത്. എന്നാൽ, ഗൂഡാലോചന തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല.
Discussion about this post