ഹൈദരാബാദ്: ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് 30 വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തെലങ്കാനയിലെ പെഡ്ഡപ്പള്ളിയിലുള്ള കസ്തൂർബാ ഗാന്ധി ഗേൾസ് വിദ്യാലയ എന്ന സ്‌കൂളിലെ വിദ്യാർത്ഥികൾക്കാണ് ശ്വാസ തടസം അനുഭവപ്പെട്ടത്. ഇന്ന് ഉച്ചയോടെയാണ് സംഭവം.
രാവിലെ വിദ്യാർത്ഥികൾക്ക് ആർക്കും ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായിരുന്നില്ല. എന്നാൽ, ഉച്ച കഴിഞ്ഞതോടെ വിദ്യാർത്ഥികൾക്ക് കടുത്ത ചുമയും ശ്വാസ തടസവും അനുഭവപ്പെടുകയായിരുന്നു. തുടർന്ന് 30 വിദ്യാർത്ഥികളെ പെഡ്ഡപ്പള്ളി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
അടുത്തിടെ സ്‌കൂളിന് സമീപമുള്ള കൃഷിയിടങ്ങളിൽ കീടനാശിനി പ്രയോഗിച്ചിരുന്നു. ഇതാകാം വിദ്യാർത്ഥികൾക്ക് ശ്വാസ തടസം അനുഭവപ്പെടാൻ കാരണമായതെന്ന് പ്രദേശവാസികൾ പറഞ്ഞു. വിദ്യാർത്ഥികൾക്ക് അനുഭവപ്പെട്ട ആരോഗ്യ പ്രശ്‌നങ്ങൾ ഭക്ഷ്യവിഷബാധയെ തുടർന്നുള്ളതല്ലെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. ഏതെങ്കിലും തരത്തിലുള്ള പകർച്ച വ്യാധിയാകാം ഇതിന് കാരണമെന്ന് ഡോക്ടർമാർ പറയുന്നത്. വിദ്യാർത്ഥികൾക്ക് ആർക്കും പ്രശ്‌നമില്ലെന്നും എല്ലാവരും ആരോഗ്യസ്ഥിതി സാധാരണ നിലയിലാണെന്നും അധികൃതർ അറിയിച്ചു.










Discussion about this post