ബാങ്കോക്ക്; വിമാനക്കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്ത് യുവതി വഞ്ചിച്ചത് നിരവധി ചെറുപ്പക്കാരെ. 1.77 കോടി രൂപയാണ് യുവതി തട്ടിയെടുത്തത്. പണം കൈക്കലാക്കിയതിന് പിന്നാലെ യുവതി പ്ലാസ്റ്റിക് സർജറി ചെയ്ത രൂപം മാറ്റി തായ്‌ലാൻഡിലേക്ക് കടന്നു. തട്ടിപ്പിന് േേശഷം രണ്ട് വർഷമായി ഒളിവിലായിരുന്ന 30കാരിയായ ചൈനീസ് യുവതി ഒടുവിൽ ബാങ്കോക്കിലെ ഇമിഗ്രേഷൻ വിഭാഗത്തിന്റെ പിടിയിലാകുകയായിരുന്നു.
അയൽവാസികൾക്ക് തോന്നിയ സംശയമാണ് ഷി എന്ന ചൈനക്കാരിക്ക് വിനയായത്. സ്ഥിരമായി മുഖം മറച്ച് മാത്രം പ്രത്യക്ഷപ്പെടുന്ന ഇവർ അയൽക്കാരുമായി പോലും സംസാരിച്ചിരുന്നില്ല. ഇതോടെയാണ് ആളുകൾക്ക് സംശയം തോന്നിയത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇവർക്ക് സാധുതയുള്ള പാസ്പോർട്ട് ഇല്ലെന്നും കണ്ടെത്തി
പ്രമുഖ വിമാനക്കമ്പനികളുമായി ബന്ധമുള്ളയാളാണ് താനെന്ന് വിശ്വസിപ്പിച്ച് ജോലി വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്. ചൈനയിലുള്ള ആറ് പേരിൽനിന്നായി 1.77 കോടി തട്ടിയെടുത്തുവെന്നാണ് കേസ്. തട്ടിപ്പിന് ഇരയായവരിൽ പ്രതിയുടെ അർദ്ധസഹോദരിയുമുണ്ട്.












