കണ്ണൂർ: പി പി ദിവ്യയുടെ മുൻകൂർ ജാമ്യഹർജ്ജി തള്ളികൊണ്ടുള്ള തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ വിധിയിൽ ഗുരുതര പരാമർശങ്ങൾ. യാത്രയയപ്പ് ചടങ്ങിൽ ഇത്തരം പരാമർശങ്ങൾ നടത്തുന്നതുമൂലം ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ നേരത്തെ തന്നെ ദിവ്യയ്ക്ക് അറിയാമായിരുന്നുവെന്നും, അത് അറിഞ്ഞു കൊണ്ടുതന്നെയാണ് ഇത്തരത്തിൽ ഒരു പരാമർശം നടത്തിയിരിക്കുന്നതെന്നും കോടതി ചൂണ്ടി കാട്ടി.
അതിനുപിന്നിൽ ആസൂത്രണം നടത്തിയിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥനായ ആൾക്ക് മാനഹാനി ഉണ്ടാക്കുന്ന തരത്തിലുള്ള പരാമർശം നടത്തുക എന്ന് മുൻകൂട്ടി തയ്യാറാക്കിയ പദ്ധതി അനുസരിച്ചാണ് ദിവ്യ യാത്രയയപ്പ് ചടങ്ങിലെത്തിയതെന്നും വിധിയിൽ പറയുന്നു. ഇത്തരം ഒരു കേസിൽ മുൻകൂർ ജാമ്യം നൽകുകയാണെങ്കിൽ അത് സമൂഹത്തിൽ തെറ്റായ സന്ദേശം നൽകുമെന്നും കോടതി വ്യക്തമാക്കിയിരുന്നു.
പ്രാദേശിക ടെലിവിഷൻ ചാനലിനെ വിളിച്ച് ഷൂട്ട് ചെയ്യിപ്പിച്ച് പത്തനംതിട്ടയിൽ വീഡിയോ പ്രചരിപ്പിച്ചു. ഇതാണ് ആത്മഹത്യയല്ലാതെ മറ്റ് വഴികളില്ല എന്ന സ്ഥിതിയിൽ നവീൻ ബാബു എത്താനുള്ള കാരണം. ചെയ്യുന്ന പ്രവൃത്തിയുടെ പ്രത്യാഘാതം ദിവ്യ കൃത്യമായി മനസ്സിലാക്കിയിരുന്നു. അഴിമതി ആയിരിന്നു കാരണമെങ്കിൽ പോലീസിനേയോ വിജിലൻസിനേയോ സമീപിക്കുകയാണ് വേണ്ടത് . അതിനുപകരം ഉന്നത ഉദ്യോഗസ്ഥനെ പൊതുസമക്ഷത്തിൽ പരിഹസിക്കാനാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രമിച്ചതെന്നും കോടതി നിരീക്ഷിച്ചു.
വഴിയെ പോകുമ്പോൾ യാത്രയയപ്പ് ചടങ്ങ് കണ്ട് താൻ കയറിയതാണെന്ന് ചടങ്ങിൽ ദിവ്യ പറഞ്ഞിരുന്നു. ഈ ഭാഗം ഒഴിവാക്കിക്കൊണ്ടുള്ള പ്രസംഗത്തിന്റെ ഭാഗമായിരുന്നു പ്രതിഭാഗം ഹാജരാക്കിയതെന്ന് കോടതി കണ്ടെത്തി. കൂടാതെ ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്ന് കളക്ടറും പറഞ്ഞതോടെ ദിവ്യക്ക് കുരുക്ക് വീഴുകയായിരുന്നു. ദൃശ്യങ്ങളിൽ കൃത്രിമത്വം കാണിച്ചതോടെ കോടതിയെയും കബളിപ്പിക്കാനാണ് പി പി ദിവ്യ ശ്രമിച്ചതെന്ന് വ്യക്തമായിരിക്കുകയാണ്.
Discussion about this post