ബംഗളൂരു: ഇന്ത്യ സന്ദർശിച്ച് ബ്രിട്ടീഷ് രാജാവ് ചാൾസും പത്‌നി കാമിലയും ബംഗളൂരുവിൽ. ചികിത്സാർത്ഥമാണ് ഇരുവരും ഇന്ത്യയിലെത്തിയത്. നാല് ദിവസത്തെ സ്വകാര്യ സന്ദർശനമായതിനാൽ മാദ്ധ്യമങ്ങളെ വിവരം അറിയിച്ചിരുന്നില്ല. സ്വകാര്യ സന്ദർശനമായതിനാൽ പൊതുപരിപാടികളില്ല, ദൃശ്യങ്ങളും പുറത്ത് വിടില്ല. ഒക്ടോബർ 26ന് എത്തിയ ഇരുവരും ഇന്ന് മടങ്ങും. വൈറ്റ് ഫീൽഡിലുള്ള സൗഖ്യ ഹെൽത്ത് ആൻഡ് വെൽനസ് സെൻററിൽ സുഖചികിത്സയ്ക്കായാണ് ചാൾസും പത്‌നിയും എത്തിയത്.
കർണാടക പോലീസും കേന്ദ്രസേനയും സംയുക്തമായാണ് സുരക്ഷ ഒരുക്കുന്നത്. എച്ച് എ എൽ വിമാനത്താവളത്തിൽ നിന്ന് പ്രൈവറ്റ് ജെറ്റ് വിമാനത്തിലാകും ഇരുവരുടെയും മടക്കം. സമോവയിൽ നടന്ന കോമൺവെൽത്ത് ഹെഡ്‌സ് ഓഫ് ഗവൺമെൻറ്‌സ് യോഗത്തിന് ശേഷമാണ് ഇരുവരും ഇന്ത്യയിലേക്ക് പുറപ്പെട്ടത്.








