അഫ്ഗാൻ വനിതാ മാധ്യമപ്രവർത്തകയോട് കഴുത്തറുക്കുമെന്ന രീതിയിൽ ആംഗ്യം കാണിക്കുകയും വസ്ത്രധാരണത്തെ പരിഹസിക്കുകയും ചെയ്ത പാകിസ്ഥാൻ പ്രതിരോധമന്ത്രി ഖവാജ ആസിഫിന്റെ നടപടി അന്താരാഷ്ട്ര തലത്തിൽ വലിയ പ്രതിഷേധത്തിനും വിവാദത്തിനും വഴിവെക്കുന്നു. ന്യൂയോർക്കിൽ നടക്കുന്ന യുഎൻ പൊതുസഭയുടെ 81-ാം സെഷനിടെയാണ് ലോകത്തിന് മുന്നിൽ പാകിസ്ഥാനെ നാണംകെടുത്തിയ സംഭവം അരങ്ങേറിയത്. താലിബാനുമായുള്ള പാകിസ്ഥാന്റെ ബന്ധത്തെക്കുറിച്ചും അഫ്ഗാൻ സ്ത്രീകളോടുള്ള താലിബാന്റെ ക്രൂരമായ നയങ്ങളെക്കുറിച്ചും ചോദ്യമുന്നയിച്ച മാധ്യമപ്രവർത്തകയോടാണ് പ്രതിരോധമന്ത്രി ഭീഷണിയുടെ സ്വരത്തിൽ സംസാരിച്ചത്.
താലിബാൻ സ്ത്രീകളോട് കാണിക്കുന്ന അനീതിയെ പ്രതിരോധിക്കാൻ മിത്രങ്ങളായിരുന്ന സമയത്ത് പാകിസ്ഥാൻ എന്തുകൊണ്ട് ശ്രമിച്ചില്ലെന്നും, ഇപ്പോൾ അവർക്ക് നൽകാനുള്ള സന്ദേശം എന്താണെന്നുമായിരുന്നു മാധ്യമപ്രവർത്തകയുടെ കൃത്യമായ ചോദ്യം. എന്നാൽ ചോദ്യത്തിന് ഉത്തരം നൽകുന്നതിന് പകരം അവരുടെ പാശ്ചാത്യ രീതിയിലുള്ള വസ്ത്രധാരണത്തിലേക്ക് വിരൽ ചൂണ്ടിക്കൊണ്ട് മന്ത്രി ഇടയ്ക്കുകയറി സംസാരിക്കുകയായിരുന്നു. “ഈ വസ്ത്രവും ധരിച്ച് താലിബാന്റെ അടുത്തേക്ക് തിരികെ പോകരുത്, പോയാൽ അവന്മാർ നിന്നെ…” എന്ന് പറഞ്ഞുകൊണ്ട് സ്വന്തം കഴുത്തിൽ കൈവെച്ച് അറുക്കുന്ന രീതിയിലുള്ള ഭീഷണി ആംഗ്യമാണ് ഖവാജ ആസിഫ് കാണിച്ചത്.
തുടർന്ന് ഒപ്പമുണ്ടായിരുന്ന പാക് പ്രതിനിധികളും ഉദ്യോഗസ്ഥരും പരിഹാസത്തോടെ ഉറക്കെ ചിരിക്കുകയും ചെയ്തു. ഗൗരവമേറിയ ഒരു രാഷ്ട്രീയ-മനുഷ്യാവകാശ ചോദ്യത്തോടുള്ള പാക് മന്ത്രിയുടെ ഈ ക്രൂരവും സ്ത്രീവിരുദ്ധവുമായ പെരുമാറ്റത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുകയാണ്. ചോദ്യത്തിന് മറുപടി നൽകാതെ മാധ്യമപ്രവർത്തകയെ പരസ്യമായി ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയുമാണ് മന്ത്രി ചെയ്തതെന്ന് കാണിച്ച് ലോകമെമ്പാടുമുള്ള മനുഷ്യാവകാശ പ്രവർത്തകരും നയതന്ത്രജ്ഞരും രംഗത്തെത്തി.
പാകിസ്ഥാനും താലിബാനും തമ്മിൽ അതിർത്തിയിൽ വ്യോമാക്രമണങ്ങളും കടുത്ത സൈനിക ഏറ്റുമുട്ടലുകളും നടക്കുന്നതിനിടയിലാണ് പ്രതിരോധമന്ത്രിയുടെ ഭാഗത്തുനിന്ന് ഇത്തരം ഒരു വിവാദ പരാമർശം ഉണ്ടായിരിക്കുന്നത്. ഗൗരവമുള്ള നയതന്ത്ര വേദികളിൽ പോലും പാക് നേതൃത്വത്തിന്റെ നിലവാരമില്ലായ്മയും സ്ത്രീകളോടുള്ള മനോഭാവവുമാണ് ഇതിലൂടെ പുറത്തുവന്നിരിക്കുന്നതെന്ന വിമർശനം ശക്തമാണ്.












