ദക്ഷിണേന്ത്യയുടെ അന്തരീക്ഷ താപനില, കാലാവസ്ഥ എന്നിവയുൾപ്പെടെ നിയന്ത്രിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന ജൈവവൈവിധ്യ കലവറയാണ് പശ്ചിമഘട്ടം. പലതരം ധാതുപഥാർത്ഥങ്ങളും പ്രകൃത വിഭവങ്ങൾ കൊണ്ടും സമ്പന്നമാണ് ഇവിടം. വർഷം തോറും വിവിധയിനം സസ്യങ്ങൾ ഈ പശ്ചിമഘട്ടത്തിൽ നിന്നും കണ്ടെത്താറുണ്ട്.
മലയാളികളായ ശാസ്ത്രജ്ഞരാണ് ഈ കണ്ടുപിടുത്തത്തിൽ പ്രധാനമായും നേതൃതവം വഹിക്കുന്നത്. അതുകൊണ്ട് തന്നെ ഇവിടെ കണ്ടെത്തുന്ന സസ്യങ്ങൾക്ക് പേരിടുമ്പോൾ എപ്പോഴും എവിടെയെങ്കിലും ഒരു മലയാളി ടച്ച് ഉണ്ടാവാറുണ്ട്. ഇത്തരത്തിൽ മലയാളികളുടെ പേരിൽ അറിയപ്പെടുന്ന അഞ്ച് പ്രധാനപ്പെട്ട സസ്യങ്ങളെ കുറിച്ച് അറിയാം…
അരുണ്ടിഴനെല്ല പ്രദീപിയാന
പൂയംകുട്ടി ഇടമലയാർ വനമേഖലയിൽ നിന്നും കണ്ടെത്തിയ പുൽ വർഗത്തിൽപെട്ട ഒരു സസ്യമാണ് അരുണ്ടിനെല്ല പ്രദീപിയാന. പ്രശസ്ത സസ്യ ശാസ്ത്രജ്ഞനായ ഡോ. എകെ പ്രദീപിനോടുള്ള ആദരസൂചകമായാണ് ഈ സസ്യത്തിന് പ്രദീപിയാന എന്ന വർഗനാമം നൽകിയത്. ഒക്ടോബർ മുതൽ ഫെബ്രുവരി വരെയുള്ള മാസങ്ങളാണ് ഈ സസ്യങ്ങളുടെ പുഷ്പിതകാലം. പാറമടകളിലെ പുൽമേടുകളിൽ 30 മുതൽ 150 സെന്റീമീറ്റർ വരെ ഉയരത്തിലാണ് ഈ സസ്യം വളരുക.
ടൈലോഫോറ ബാലകൃഷ്ണാനി
വയനാടൻ മലനിരകളിൽ ഡിവൈഎസ്പി റാങ്കിൽ ഒരു ചെടി വളരുന്നുണ്ട്. അതാണ് ടൈലോഫോറ ബാലകൃഷ്ണാനി. വള്ളപ്പാല വർഗത്തിൽ പെടുന്നതാണ് ടൈലോഫോറ ബാലകൃഷ്ണാനി. കാസർകോട് വിജിലൻസ് ഡിവൈഎസ്പി ആയിരുന്ന ഡോ വി ബാലകൃഷ്ണന്റെ പേരിലാണ് ടൈലോഫോറ ബാലകൃഷ്ണാനി അറിയപ്പെടുന്നത്. സസ്യസംരക്ഷണ പ്രവർത്തനങ്ങളിൽ സജീവമായ ബാലകൃഷ്ണൻ ഡോ എംഎസ് സ്വാമിനാഥന്റെ കീഴിൽ ഗവേഷണം നടത്തി പിഎച്ച്ഡി നേടിയിട്ടുണ്ട്. വയനാട് പുത്തൂർവയൽ എംഎസ് സ്വാമിനാഥൻ ഗവേഷണ കേന്ദ്രത്തിലെ മേധാവിയായി പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ മെമ്പർ കൂടിയാണ്. പോലീസിൽ നിന്നും ഇടവേളയെടുത്താണ് അദ്ദേഹം എംഎസ് സ്വാമിനാഥൻ ഗവേഷണ കേന്ദ്രത്തിലെ മേധാവിയായി പ്രവർത്തിച്ചത്.
ഇംപേഷ്യൻസ് വീരപഴശ്ശി
വെളുത്ത പൂക്കളുള്ള ഒരു ചെടിയാണ് ഇംപേഷ്യൻസ് വീരപഴശ്ശി. നിത്യഹരിത വനങ്ങളിലാണ് ഇവ കാണപ്പെടുന്നത്. 2010ൽ വയനാട്ടിലെ കൽപ്പറ്റ, കുറിച്യർമല വനമേഖലകളിൽ ആണ് ഈ ചെടി ആദ്യമായി കണ്ടെത്തിയത്. കേരളവർമ പഴശ്ശിരാജയോടുള്ള ആദരസൂചകമായാണ് ഇങ്ങനെയൊരു പേര് ഈ ചെടിക്ക് നൽകിയത്. വലുതും ചെറുതുമായ മരങ്ങളിൽ ചുറ്റിപ്പിടിച്ച് വളരുന്ന ഇവയ്ക്ക് 15 സെന്റിമീറ്റർ ഉയരം മാത്രമാണ് ഉണ്ടാവുക. രണ്ട് മാസം മാത്രമാണ് ഈ ചെടിയുടെയും പൂക്കളുടെയും ആയുസ്.
യുട്രികുംലറിയ സുനിലി
കോട്ടക്കൽ ആര്യവൈദ്യശാല നടത്തിയ പഠനത്തിൽ നെല്ലിയാമ്പതി മലനിരകളിൽ നിന്നും കണ്ടെത്തിയ സസ്യമാണ് യുട്രികുംലറിയ സുനിലി. മാല്യങ്കര എസ്എസ്എം കോളേജിലെ റിസർച്ച് ഗൈഡായ സിഎസ് സുനിലിനോടുള്ള ആദര സൂചകമായാണ് യുട്രികുംലറിയ സുനിലി
എന്ന പേര് ഈ സസ്യത്തിന് നൽകിയത്. 20 സെന്റീമീറ്റർ ഉയരത്തിൽ മാത്രമാണ് ഇവ വളരുക. നനഞ്ഞ പാറക്കൂട്ടജ്ങളിൽ കൂട്ടമായി കണ്ടെത്തുന്ന ഈ ചെടികളുടെ വേരുകളും ഇലകളും പ്രാണികളെ പിടിക്കുന്നതിനായി രൂപാന്തരം പ്രാപിച്ചവയാണ്. നീല നിറത്തിലുള്ള അതിമനോഹരമായ പൂക്കളാണ് ഇവയിലേത്.
ഇംപേഷ്യൻസ് ജോൺസിയാന
നിത്യഹരിത വനങ്ങളിലെ മരങ്ങളിൽ പറ്റിപ്പിടിച്ച് വളരുന്ന സസ്യമാണ് ഇംപേഷ്യൻസ് ജോൺസിയാന. സമുദ്രനിരപ്പിൽ നിന്നും 1500- 1700 മീറ്റർ ഉയരത്തിലുളള പ്രദേശങ്ങളിലാണ് ഇംപേഷ്യൻസ് ജോൺസിയാന വളരുക. പ്രോഫസർ ജോൺസി ജേക്കബിന്റെ പേരിലാണ് ഈ സസ്യം അറിയപ്പെടുന്നത്്. 15 മുതൽ 22 സെന്റിമീറ്റർ വരെ ഉയരത്തിൽ വളരുന്ന ഈ സസ്യത്തിൽ പിങ്ക് നിറത്തലുള്ള പൂക്കളാണ് ഉണ്ടാവുക.
Discussion about this post