ബ്രിട്ടനിലെ ശാപഗ്രസ്തമായ പാവയെ വാങ്ങിയതിന് പിന്നാലെ തനിക്ക് സംഭവിച്ച ദുരനുഭവങ്ങള്‍ വെളിപ്പെടുത്തി രംഗത്തുവന്നിരിക്കുകയാണ് 42കാരിയായ യുവതി. പാരാനോര്‍മല്‍ അന്വേഷകയായ കാന്‍ഡിസ് കോളിന്‍സാണ് 260 ഡോളര്‍ ചെലവഴിച്ച് ഇ-ബേയില്‍ നിന്നും പ്രേതബാധയുള്ള പാവയെ വാങ്ങിയത്.
ശപിക്കപ്പെട്ടതായി കരുതുന്ന ഇത്തരം പാവകളില്‍ താന്‍ ആകൃഷ്ടയായിയെന്ന് കാന്‍ഡിസ് പറയുന്നു. എന്നാല്‍ ഈ പാവയെ വീട്ടിലെത്തിച്ചത് മുതല്‍ താന്‍ പേടിസ്വപ്നങ്ങള്‍ കാണാന്‍ തുടങ്ങിയെന്നും തന്റെ ആരോഗ്യസ്ഥിതി മോശമായി എന്നുമാണ് ഇവര്‍ അവകാശപ്പെടുന്നത്.
തനിക്ക് നിരവധി ദുരന്തങ്ങള്‍ നേരിടേണ്ടി വന്നതിന് പിന്നാലെ ക്രിസ്റ്റ്യന്‍ ഹോക്സ്വര്‍ത്ത് എന്നയാളാണ് ‘നോര്‍മന്‍’ എന്ന ഈ പാവയെ കഴിഞ്ഞവര്‍ഷം വിപണിയിലെത്തിച്ചത്. ഒരു പുരാതന സ്റ്റോറില്‍ നിന്ന് അന്ന് 4 ഡോളറിനാണ് ക്രിസ്റ്റ്യന്‍ ഈ പാവയെ വാങ്ങിയത്, ഇത് വാങ്ങിയതിന് ശേഷം അദ്ദേഹത്തിന് അപ്പെന്‍ഡിസൈറ്റിസ് പിടിപെട്ടു. ശമ്പളം വെട്ടിക്കുറയ്ക്കപ്പെടുകയും ചെയ്തു. അതോടൊപ്പം കാറും തകരാറിലായി. ഒടുവില്‍ അദ്ദേഹത്തിന് വെടിയേല്‍ക്കുകയും ചെയ്തു. ഈ പ്രശ്നങ്ങള്‍ക്കെല്ലാം പിന്നില്‍ ഈ പാവയാണെന്ന് അദ്ദേഹം വിശ്വസിച്ചു. അങ്ങനെയാണ് ഒടുവില്‍ ഈ പാവ ക്രിസ്റ്റ്യന്‍ ഇബേയില്‍ വില്പനയ്ക്ക് വെച്ചത്.
ഇതെല്ലാം അറിഞ്ഞുകൊണ്ടാണ് കാന്‍ഡിസ് കോളിന്‍സ് ഈ പാവയെ സ്വന്തമാക്കിയത്. കനത്ത വിഷാദം അന്തരീക്ഷത്തില്‍ നിറഞ്ഞുനില്‍ക്കുന്നതായി തനിക്ക് തോന്നിയെന്നും. അതിനെല്ലാം ഈ പാവയുമായി ബന്ധമുണ്ടെന്നും വിശ്വസിക്കുന്നുവെന്ന് ‘ അവര്‍ പറഞ്ഞു.
ക്രിസ്റ്റ്യനെപ്പോലെ കാന്‍ഡിസിനും അപ്രതീക്ഷിതമായി അസുഖങ്ങള്‍ പിടിപെട്ടു. ആര്‍ത്രൈറ്റിസ് വേദന, മൈഗ്രെയ്ന്‍, ശരീരത്തില്‍ വേദന , മുതുകില്‍ പോറല്‍ പോലുള്ള പാടുകള്‍ തുടങ്ങി പല ആരോഗ്യ പ്രശ്‌നങ്ങളും നേരിട്ടുവെന്ന് അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇതിനൊപ്പം കാന്‍ഡിസിന്റെ പങ്കാളിയുടെ ആരോഗ്യസ്ഥിതിയും വഷളായി. കൂടാതെ അവരുടെ മൂന്നു വയസ്സുള്ള മകന്‍ പാവയെ അനുകരിക്കാനും തുടങ്ങി. ‘ എന്റെ മകന്‍ ആരോടോ സംസാരിക്കുന്നത് കേള്‍ക്കാം. ഇടയ്ക്ക് അവന്‍ ചിരിക്കുകയും ചെയ്യുന്നുണ്ട്. കാന്‍ഡിസ് പറയുന്നു.
Discussion about this post