തിരുവനന്തപുരം: ദീപാവലി ആഘോഷങ്ങള്‍ക്കിടെ പടക്കം പൊട്ടിത്തെറിച്ച് യുവാവിന്റെ പരിക്ക്. തിരുവനന്തപുരം വിഴിഞ്ഞത്താണ് സംഭവം. ദീപാവലി ആഘോഷവുമായി ബന്ധപ്പെട്ട് അമിട്ട് പൊട്ടിക്കുന്നതിനിടെയാണ് യുവാവിന്റെ കൈപ്പത്തി തകർന്നത്.
പൊട്ടിത്തെറിയുടെ ആഘാതത്തില്‍ കൈപ്പത്തിയിലെ മാംസം തുന്നിച്ചേര്‍ക്കാന്‍ കഴിയാത്തവിധം വേര്‍പ്പെട്ട് പോയതിനെ തുടര്‍ന്ന് കൈപ്പത്തി മുറിച്ച് മാറ്റി. മുല്ലുര്‍ തലയ്‌ക്കോട് സ്വദേശി നയന്‍ പ്രഭാതിന്റെ(20) വലതുകൈപ്പത്തിയാണ് മുറിച്ചുമാറ്റിയത്.
സുഹൃത്തുക്കള്‍ക്കൊപ്പം വീട്ടുമുറ്റത്ത് പടക്കങ്ങള്‍ പൊട്ടിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഉടന്‍ തന്നെ സഹോദരനും സുഹൃത്തുക്കളും യുവാവിനെ നെയ്യാറ്റിന്‍കരയിലെ ആശുപത്രിയിലെത്തിച്ചു. എന്നാല്‍, വേര്‍പ്പെട്ട ഭാഗങ്ങള്‍ ശസ്ത്രക്രിയയിലൂടെ തുന്നിച്ചേര്‍ക്കാന്‍ കഴിയാത്തനിലയിലാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇതോടെ ബന്ധുക്കളുടെ സമ്മതത്തോടെ വലതുകൈപ്പത്തി മുറിച്ചുമാറ്റുകയായിരുന്നു.
Discussion about this post