കഴക്കൂട്ടത്ത് ജോലി തേടിയെത്തിയ 23-കാരിയെ ബലാത്സംഗം ചെയ്ത കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയും ഇടനിലക്കാരിയും അറസ്റ്റിൽ. കേസിലെ മൂന്നാം പ്രതിയും സിപിഎം ബ്രാഞ്ച് സെക്രട്ടറിയുമായ ജിപ്സൺ, പെൺകുട്ടിയെ കെണിയിൽ വീഴ്ത്തിയ ഇടനിലക്കാരി ആലപ്പുഴ മാന്നാർ സ്വദേശി അശ്വതി (22) എന്നിവരെയാണ് കഴക്കൂട്ടം പോലീസ് പിടികൂടിയത്. ആലപ്പുഴ മാന്നാറിൽ നിന്നാണ് അശ്വതിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. പെൺകുട്ടിക്ക് സ്പായിൽ ജോലി വാഗ്ദാനം നൽകിയാണ് അശ്വതി തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തിയത്.
പോലീസിന്റെ കണ്ടെത്തൽ പ്രകാരം, പ്രതികൾ മുൻകൂട്ടി നിശ്ചയിച്ചതനുസരിച്ചാണ് അശ്വതി യുവതിയെ കഴക്കൂട്ടത്തെ സ്പായിൽ എത്തിച്ചത്. ഏതാനും ദിവസം മുൻപ് സ്പായിലെത്തിയ ജിപ്സണും കണ്ടാലറിയാവുന്ന മറ്റ് ചിലരും ചേർന്ന് തന്നെ കടന്നുപിടിക്കുകയും ഉപദ്രവിക്കുകയും ചെയ്തുവെന്നാണ് യുവതി പോലീസിൽ നൽകിയ പരാതി. അവിടെ വച്ച് ജിപ്സൺ യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പോലീസ് സ്ഥിരീകരിച്ചു. സംഭവത്തിൽ ഉൾപ്പെട്ട മറ്റൊരു സ്ത്രീക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
സിപിഎം മേനംകുളം കൽപ്പന ബ്രാഞ്ച് സെക്രട്ടറി ആറ്റരികത്ത് വീട്ടിൽ ജിബ്‌സണെന്ന സിപിഎമ്മിന്റെ പ്രാദേശിക നേതാവ് തന്നെ ക്രൂരമായ പീഡനക്കേസിൽ പ്രതിയായത് രാഷ്ട്രീയ വൃത്തങ്ങളിലും വലിയ ചർച്ചയായിട്ടുണ്ട്.പീഡനത്തിന് ഒത്താശ ചെയ്ത അശ്വതിയെയും പ്രധാന പ്രതിയെയും വിശദമായി ചോദ്യം ചെയ്തുവരികയാണ്. സ്പാ കേന്ദ്രത്തിന്റെ മറവിൽ വലിയൊരു പെൺവാണിഭ സംഘം പ്രവർത്തിക്കുന്നുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.












