കേരളത്തിലെ കുളങ്ങളിൽ സുലഭമായ മീനാണ് തിലോപിയ. നമുക്ക് ഈ മീൻ വലിയ സംഭവമൊന്നുമല്ലെങ്കിലും വിദേശികൾക്ക് അങ്ങിനെയല്ല. ജപ്പാനുൾപ്പെടെയുള്ള രാജ്യങ്ങളിൽ വലിയ മാർക്കറ്റാണ് തിലോപ്യയ്ക്ക് ഉള്ളത്. അതുകൊണ്ട് തന്നെ ഇവയെ വ്യാപകമായി വളർത്താറുണ്ട്. ഈ മീൻ കൊണ്ട് ഉണ്ടാക്കുന്ന വിഭവങ്ങൾക്കും വലിയ ഡിമാൻഡ് ആണ് ഉള്ളത്.
നമ്മുടെ നാട്ടിൽ കുളങ്ങളിലും കിണറുകളിലുമാണ് ഈ മീൻ കാണാറുള്ളത്. ചിലർ വീടുകളിൽ ടാങ്കുകളിൽ വിൽപ്പനയ്ക്കായി ഇതിനെ വളർത്താറുണ്ട്. രുചിയിൽ കേമൻ ആണെങ്കിലും ആളുകൾക്കിടയിൽ മത്തി പോലുള്ള കടൽ മീനുകൾക്ക് കിട്ടുന്ന സ്വീകാര്യത തിലോപ്യയ്ക്ക് കിട്ടാറില്ല. ‘ ലോക്കൽ’ മീൻ എന്ന പരിഗണനയാണ് നാം എല്ലായ്‌പ്പോഴും തിലോപ്യയ്ക്ക് നൽകാറുള്ളത്. എന്നാൽ തിലോപ്യ മീൻ നമ്മുടെ കുളങ്ങളിൽ എങ്ങനെയെത്തി എന്നതിന്റെ ചരിത്രം പരിശോധിച്ചാൽ എത്തി നിൽക്കുക ദക്ഷിണാഫ്രിക്കയിലാകും. അതെ നമ്മുടെ തിലോപ്യ നല്ല അസ്സൽ വിദേശി തന്നെയാണ്.
തിലോപ്യ മീനുകളെ ആദ്യമായി കണ്ടെത്തിയത് ആഫ്രിക്കയിൽ ആണ്. 1950 ൽ ആയിരുന്നു ആദ്യ സ്പീഷീസ് കണ്ടെത്തിയത്.
മൊസാമ്പിക്യൂ തിലോപ്യ എന്നായിരുന്നു ഇതിന്റെ പേര്. പിന്നീട് 1970 മുതൽ 1974 വരെയുള്ള കാലഘട്ടത്തിൽ തായ്‌ലാൻഡിൽ നിലോട്ടിക്ക എന്ന സ്പീഷീസിനെ കണ്ടെത്തി. ഇത് ആഫ്രിക്കയിൽ നിന്നും കണ്ടെത്തിയ മീനിനെക്കാൾ രുചിയേറിയത് ആയിരുന്നു. 1980 ആയപ്പോഴേയ്ക്കും ഒട്ടുമിക്ക രാജ്യങ്ങളിലും ഈ മീനുകൾ എത്തി. 1994 ൽ ഫിലിപ്പീൻസിൽ നിന്നും ഈ മീനുകൾ ബംഗ്ലാദേശിൽ എത്തി. ഇതോടെ ബംഗാളികളുടെ പ്രിയപ്പെട്ട മീനായി തിലോപ്യമാറി.
1980 മുതലാണ് തിലോപ്യ മീനുകളുടെ ഡിമാൻഡ് വർദ്ധിക്കാൻ ആരംഭിച്ചത്. ഏത് വൃത്തിഹീനമായ വെള്ളത്തിലും ജീവിക്കും എന്നത് തിലോപ്യ വ്യാപകമായി കൃഷിചെയ്യുന്നതിനുള്ള കാരണം ആയി. പിന്നീട് ഈ മീനുകളെ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റി അയക്കാനും ആരംഭിച്ചു.
Discussion about this post