ന്യൂഡൽഹി : റെയിൽ പദ്ധതികളുമായി ബന്ധപ്പെട്ട് തമിഴ്നാട് സർക്കാരിന് കേന്ദ്രത്തിൽ നിന്നും തിരിച്ചടി. മധുരയിലും കോയമ്പത്തൂരിലും മെട്രോ റെയിൽ പദ്ധതികൾക്കായുള്ള തമിഴ്‌നാടിന്റെ നിർദ്ദേശങ്ങൾ കേന്ദ്രസർക്കാർ നിരസിച്ചു. 2017 ലെ മെട്രോ റെയിൽ നയത്തിന് കീഴിലുള്ള ജനസംഖ്യാ മാനദണ്ഡങ്ങൾ ചൂണ്ടിക്കാട്ടി ഭവന, നഗരകാര്യ മന്ത്രാലയം ആണ് തമിഴ്നാടിന്റെ ആവശ്യം നിരസിച്ചത്.
തമിഴ്നാട് മെട്രോ റെയിൽ പദ്ധതി ആവശ്യപ്പെടുന്ന രണ്ട് നഗരങ്ങളിലും ജനസാന്ദ്രത കുറവാണെന്ന് കേന്ദ്രസർക്കാർ ചൂണ്ടിക്കാട്ടി. 20 ലക്ഷത്തിൽ കൂടുതൽ ജനസംഖ്യയുള്ള നഗരങ്ങൾക്ക് മാത്രമേ മെട്രോ സംവിധാനങ്ങൾ അനുവദിക്കൂ എന്നാണ് 2017 ലെ മെട്രോ റെയിൽ നയം. മതിയായ യാത്രക്കാരുടെ എണ്ണം, സാമ്പത്തിക സ്ഥിരത, ദീർഘകാല പ്രവർത്തനം എന്നിവ ഉറപ്പാക്കുന്നതിനാണ് ഈ മാനദണ്ഡങ്ങൾ സ്വീകരിച്ചിട്ടുള്ളത്.
2011 ലെ സെൻസസ് പ്രകാരം, കോയമ്പത്തൂർ മുനിസിപ്പൽ കോർപ്പറേഷനിൽ 15.84 ലക്ഷം ജനസംഖ്യയുണ്ടായിരുന്നു, അതേസമയം ലോക്കൽ പ്ലാനിംഗ് അതോറിറ്റി ഏരിയയിൽ 23.5 ലക്ഷം ജനസംഖ്യയുണ്ടായിരുന്നു. മധുരയിൽ, മുനിസിപ്പൽ കോർപ്പറേഷന്റെ ജനസംഖ്യ 10.20 ലക്ഷവും നഗര ജനസംഖ്യ 14.7 ലക്ഷവുമാണ്. മധുരയെ സംബന്ധിച്ചിടത്തോളം ഏറ്റവും മികച്ച ഓപ്ഷൻ ബസ് റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം (ബിആർടിഎസ്) ആണെന്നാണ് കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയം നിർദ്ദേശിക്കുന്നത്.









Discussion about this post