ന്യൂഡൽഹി : ലോറൻസ് ബിഷ്‌ണോയിയുടെ സഹോദരൻ അൻമോൾ ബിഷ്‌ണോയിയെ അമേരിക്ക ഇന്ത്യക്ക് കൈമാറി. അടുത്തകാലത്ത് നടന്ന എൻസിപി നേതാവ് ബാബ സിദ്ദിഖിയുടെ കൊലപാതകം, സിദ്ധു മൂസ്വാല കൊലപാതകം, നടൻ സൽമാൻ ഖാന്റെ വീട് ആക്രമിക്കാനുള്ള ഗൂഢാലോചന എന്നിവയുൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് അൻമോൾ ബിഷ്‌ണോയി. അന്താരാഷ്ട്ര ബന്ധമുള്ള ഗുണ്ടാസംഘങ്ങൾക്കെതിരെ ഇന്ത്യ നടത്തുന്ന പോരാട്ടത്തിൽ ഒരു നിർണായക നടപടിയാണ് ഇപ്പോൾ യുഎസിന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്.
2022 മെയ് മാസത്തിൽ പഞ്ചാബി ഗായകൻ സിദ്ധു മൂസ്വാലയുടെ കൊലപാതകം,
2024 ഏപ്രിലിൽ നടൻ സൽമാൻ ഖാന്റെ മുംബൈയിലെ വസതിക്ക് പുറത്ത് നടത്തിയ വെടിവെപ്പ് ,
2024 ഒക്ടോബറിൽ എൻസിപി നേതാവ് ബാബ സിദ്ദിഖിയുടെ കൊലപാതകം, എന്നിവയുൾപ്പെടെ നിരവധി ക്രിമിനൽ കേസുകളാണ് ഇയാളുടെ പേരിൽ ഇന്ത്യയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. അൻമോളിനെ യുഎസിൽ നിന്ന് ഇന്ത്യയിലേക്ക് നാടുകടത്തുന്നതിനുള്ള നടപടിക്രമങ്ങൾ ഇപ്പോൾ പൂർത്തിയായിട്ടുണ്ട്.
മഹാരാഷ്ട്ര കോടതി പുറപ്പെടുവിച്ച ജാമ്യമില്ലാ വാറണ്ടും ഇന്റർപോളിന്റെ റെഡ് കോർണർ നോട്ടീസും അനുസരിച്ച് ആണ് ഇന്ത്യ അൻമോൾ ബിഷ്‌ണോയിയെ ഇന്ത്യയ്ക്ക് കൈമാറണമെന്ന് യുഎസിനോട് ആവശ്യപ്പെട്ടിരുന്നത്. കഴിഞ്ഞ വർഷം ദേശീയ അന്വേഷണ ഏജൻസി അൻമോൾ ബിഷ്‌ണോയിയെ മോസ്റ്റ് വാണ്ടഡ് പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു.









Discussion about this post