ചണ്ഡീഗഡ്: ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൽ പുതിയ മാതൃക സൃഷ്ടിച്ചേക്കാവുന്ന വിഷയത്തിൽ സർവകലാശാലക്ക് നോട്ടീസ് അയച്ച് പഞ്ചാബ് ഹരിയാന ഹൈക്കോടതി. അസൈൻമെന്റ് സമർപ്പിക്കാൻ “എഐ ” ഉപയോഗിച്ചതിന് മാർക്ക് കുറക്കാനുള്ള സർവകലാശാലയുടെ തീരുമാനത്തെ എതിർത്ത് എൽഎൽഎം വിദ്യാർത്ഥി ഹർജ്ജി നൽകിയിരുന്നു. ഈ വിഷയത്തിലാണ് നയം വ്യക്തമാക്കാൻ ഒപി ജിൻഡാൽ ഗ്ലോബൽ സർവകലാശാലയോട് പഞ്ചാബ്, ഹരിയാന ഹൈക്കോടതി തിങ്കളാഴ്ച ആവശ്യപ്പെട്ടത് .
ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ന്റെ കീഴിൽ നിയമ ഗവേഷണം ചെയ്ത വ്യക്തിയും പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകനുമായ കൗസ്തുഭ് ശക്കർവാറാണ് സർവ്വകലാശാലയ്‌ക്കെതിരെ നിയമപരമായ വെല്ലുവിളി ആരംഭിച്ചത്.
“ആഗോളവൽക്കരണ ലോകത്ത് നിയമവും നീതിയും” എന്ന വിഷയത്തിന്മേൽ കൗസ്തുഭ് നൽകിയ ഉത്തരങ്ങൾ 88 ശതമാനവും എ ഐ ഉപയോഗിച്ചാണെന്ന് സർവകലാശാല നിയമിച്ച കമ്മിറ്റി കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്ന് പരീക്ഷയിൽ ഇയാൾക്ക് വിജയിക്കാൻ കഴിഞ്ഞിരുന്നില്ല. സമിതിയുടെ വിധി പിന്നീട് പരീക്ഷാ കൺട്രോളർ ശരിവച്ചു
എന്നാൽ അസൈൻമെന്റ് മുഴുവൻ തന്റെ തന്നെയാണെന്നും , AI യെ “അന്യായമായ മാർഗം” എന്ന് നിർവചിക്കുന്ന സർവ്വകലാശാലയുടെ “കോപ്പിയടി വിരുദ്ധ നയങ്ങൾ” ഔപചാരികമായി അംഗീകരിക്കപ്പെട്ടതല്ലെന്നും അതിനാൽ തന്നെ നടപ്പിലാക്കാൻ സാധിക്കുന്നതല്ലെന്നുമാണ് കൗസ്തഭിന്റെ വാദം.
അദ്ദേഹത്തിൻ്റെ ഹർജി അംഗീകരിച്ചുകൊണ്ട് ജസ്റ്റിസ് ജസ്ഗുർപ്രീത് സിംഗ് പുരി സർവകലാശാലയ്ക്ക് നോട്ടീസ് അയക്കുകയായിരുന്നു. അടുത്ത വാദം നവംബർ 14 ലേക്കാണ് ഷെഡ്യൂൾ ചെയ്തത്. വിധി എന്തായാലും ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് ഈ കേസ് ഇന്ത്യൻ വിദ്യാഭ്യാസ രംഗത്തെ എ ഐ ഉപയോഗ മാതൃകകളിൽ ഉണ്ടാക്കാൻ പോകുന്നത് എന്ന് നിസംശയം പറയാം.
Discussion about this post