ഓട്ടാവ; കാനഡയിൽ ഹിന്ദുസമൂഹത്തിനെതിരെ അടിക്കടിയുണ്ടാകുന്ന ഖാലിസ്ഥാൻ ആക്രമണങ്ങളിൽ പ്രതിഷോധവുമായി ഇന്ത്യൻ സമൂഹം. കഴിഞ്ഞ ദിവസം ആക്രമണം നടന്ന ക്ഷേത്രത്തിന് മുൻപിൽ ത്രിവർണ പതാകകളുമായി ഇന്ത്യൻ വംശജർ ഒത്തുകൂടി. ആയിരക്കണക്കിന് പേരാണ് ഇന്ത്യയുടെ ദേശീയപതാകയുമായി തടിച്ചുകൂടിയത്. പ്രതിഷേധ റാലി നടത്തിയ ഹിന്ദു കനേഡിയൻമാർ ഖാലിസ്ഥാനികൾക്ക് കൂടുതൽ പിന്തുണ നൽകരുതെന്ന് കനേഡിയൻ രാഷ്ട്രീയക്കാരോടും നിയമ നിർവ്വഹണ ഏജൻസികളോടും അഭ്യർത്ഥിച്ചു.
ഹിന്ദു സമൂഹത്തെ പിന്തുണച്ചാണ് ഞങ്ങൾ ഇവിടെ വന്നത്. ഹിന്ദു സമൂഹം കാനഡയ്ക്ക് വളരെയധികം സംഭാവന ചെയ്തിട്ടുണ്ട്, ഞങ്ങൾ വളരെയധികം സാമ്പത്തികസംഭാവന നൽകുന്നു. ഞങ്ങൾ എവിടെ പോയാലും ക്രമസമാധാനം പാലിക്കുന്നു, അത് കാനഡയിലായാലും മറ്റെവിടെയായാലും. രാഷ്ട്രീയക്കാരുടെയും പോലീസിന്റെയും പ്രതികരണം കാണുമ്പോൾ അവർ ഞങ്ങളോട് എങ്ങനെ പെരുമാറുന്നു എന്നത് ഞെട്ടിപ്പിക്കുന്നതാണെന്ന് പ്രതിഷേധക്കാരിൽ ഒരാളായ ഋഷഭ് പറഞ്ഞു. ഞങ്ങൾ ആവശ്യപ്പെടുന്നത് നീതിയാണ്. നിയമം പാലിക്കണം, കുറ്റവാളികളെ നിയമവാഴ്ചയ്ക്ക് കീഴിൽ വിചാരണ ചെയ്യണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
ബ്രാംപ്ടണിൽ ഹിന്ദു മഹാസഭയുടെ ക്ഷേത്രം ഖാലിസ്ഥാൻ ഭീകരർ ആക്രമിച്ചതിനെ ശക്തമായ ഭാഷയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അപലപിച്ചിരുന്നു.കാനഡ നീതിയും നിയമവാഴ്ച ഉറപ്പാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു നയതന്ത്ര ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്താനുള്ള ശ്രമം ഭീരുത്വം നിറഞ്ഞതാണ്. ഇന്ത്യയുടെ നിശ്ചയദാർഢ്യത്തെ പിന്നോട്ടടിക്കാനാവില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.
കാനഡയിലെ ബ്രാംപ്ടണിലെ ഹിന്ദു സഭാ മന്ദിറിന്റെ പരിസരത്താണ് ആക്രമണം ഉണ്ടായത്. ഖാലിസ്ഥാൻ കൊടികളുമായി എത്തിയ ആളുകളാണ് ഇതിന് പിന്നിൽ. ഹിന്ദു സഭാ മന്ദിറിൽ ദർശനത്തിനെത്തിയവർക്ക് നേരെ ഒരുകൂട്ടം ആളുകൾ അതിക്രമിച്ച് കയറി വടിയുപയോഗിച്ച് മർദ്ദിക്കുന്ന ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു.
Discussion about this post