കൊച്ചി: ഇന്ത്യയിലെ പാസഞ്ചർ വാഹന ഉപഭോക്താക്കളിൽ ഇലക്ട്രിക് കറുകളോട് പ്രിയം കുറഞ്ഞു വരുന്നതായും ആഡംബര, ഹൈബ്രിഡ് വാഹനങ്ങളോട് താല്പര്യം കൂടുന്നതായും സർവേ ഫലം. അടുത്തിടെ നടന്ന ഗ്രാന്റ് തോൺടൺ ഭാരത് സർവേയിലാണ് ഇന്ത്യൻ വാഹന വിപണിയിലെ മാറ്റം വെളിപ്പെട്ടത്.
ഹൈബ്രിഡ് വാഹനത്തിനോടുള്ള പ്രിയം 40 ശതമാനം വർദ്ധിച്ചപ്പോൾ ഇലക്ട്രിക് വാഹനങ്ങളോട് വെറും 17 ശതമാനം പേർ മാത്രമേ ഇഷ്ടം പ്രകടിപ്പിച്ചുള്ളൂ. രാജ്യത്തുടനീളം നടത്തിയ സർവേയിൽ 3500 പേരാണ് പങ്കെടുത്തത്.
34 ശതമാനം പേർ ഇപ്പോഴും പെട്രോൾ വാഹനങ്ങൾ സ്വന്തമാക്കാൻ ഇഷ്ടപ്പെടുന്നവരാണ്. ഇലക്ട്രിക് വാഹനങ്ങളിൽ മികച്ച ഇൻഫ്രാസ്ട്രക്ചർ വേണമെന്ന ആവശ്യവും ശക്തമാണ്. ഇലക്ട്രിക് വാഹനങ്ങളോടുള്ള താത്പര്യത്തിൽ 45 ശതമാനം ഇടിവുണ്ടായിട്ടുണ്ട്. അതെ സമയം പൊതുധാരണകൾക്ക് വിരുദ്ധമായി പെട്രോൾ വാഹനങ്ങളോടുള്ള ഇഷ്ടം ജനങ്ങളുടെ ഇടയിൽ 55 ശതമാനം വർദ്ധിച്ചിട്ടുണ്ട് . ചാർജ്ജ് ചെയ്യുന്നതിലെ ആശങ്കയും വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തതുമാണ് ഇലക്ട്രിക് വാഹനങ്ങളോട് ഇഷ്ടം കുറയുന്നതിലെ പ്രധാന കാരണം.
ഇന്ത്യൻ റോഡുകളുടെ നിലവാരത്തെയും സുരക്ഷയെയും കുറിച്ച് അവബോധമുള്ളതിനാൽ ഇപ്പോൾ സുരക്ഷാഫീച്ചറുകളുള്ള വണ്ടികളാണ് ആൾക്കാർ പ്രധാനമായും നോക്കുന്നത്. അതുകൊണ്ട് തന്നെ ഇന്ത്യൻ വിപണിയിലേക്ക് ഇറക്കുമ്പോൾ കൂടുതൽ സുരക്ഷാ സാങ്കേതിക വിദ്യകൾ ഉൾപ്പെടുത്തുന്നതിലാണ് ഇപ്പോൾ വാഹനനിർമ്മാതാക്കളും ശ്രദ്ധ വയ്ക്കുന്നത്.
Discussion about this post