പാലക്കാട്: ബിജെപി സംസ്ഥാന സമിതിയംഗം സന്ദീപ് വാര്യർ നമ്പർ വൺ കൊമ്രേഡ് ആകുമെന്ന് സിപിഐഎം കേന്ദ്രകമ്മറ്റിയംഗം എകെ ബാലൻ. സന്ദീപ് വാര്യർ ക്രിസ്റ്റൽ ക്ലിയർ ആകുമെന്നും മുൻപ് പറഞ്ഞതൊന്നും പ്രശ്‌നമല്ലെന്നും എ കെ ബാലൻ വ്യക്തമാക്കി. പ്രമുഖമാദ്ധ്യമത്തിന്റെ അഭിമുഖത്തിലാണ് എകെ ബാലന്റെ ഈ പരാമർശം.
കറകളഞ്ഞ കമ്യൂണിസ്റ്റുകാരെ കൊണ്ട് മാത്രം ഞങ്ങൾക്ക് ഭരണം കിട്ടുമോ എന്ന് ചോദിച്ച എ കെ ബാലൻ ഓരോ കാലത്ത് ഓരോരുത്തരെ കിട്ടുമെന്നും ചൂണ്ടിക്കാണിച്ചു. അരിവാൾ ചുറ്റികയെയും സ്വതന്ത്ര ചിഹ്നത്തെയും തിരഞ്ഞെടുപ്പിൽ ഫലപ്രദമായി ഉപയോഗിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാണിച്ച എ കെ ബാലൻ കോൺഗ്രസുകാർ സിപിഐഎം ഓഫീസിൽ ക്യൂ നിൽക്കുകയാണെന്നും രാഷ്ട്രീയത്തിൽ സ്ഥിരം ശത്രുക്കളില്ലെന്നും എ കെ ബാലൻ വ്യക്തമാക്കി.
സന്ദീപ് വാര്യർ ഞങ്ങളെ നല്ല രീതിയിൽ വിമർശിക്കുന്നയാളാണ്. എങ്കിലും അദ്ദേഹത്തോട് ഒരു വെറുപ്പുമില്ലെന്നും എ.കെ ബാലൻ പറഞ്ഞിരുന്നു. ഒരു വ്യക്തിയെന്ന നിലയിൽ പെരുമാറാനും സംസാരിക്കാനുമൊക്കെ പറ്റുന്ന ആളാണ് സന്ദീപ്, മറ്റ് കാര്യങ്ങൾ അറിയില്ലെന്നും എകെ ബാലൻ പുകഴ്ത്തിയിരുന്നു.
കെ കരുണാകരനെ കരിങ്കാലി എന്ന് വിളിച്ചവരാണ് ഞങ്ങൾ. അദ്ദേഹം പോലും ഞങ്ങൾക്ക് ഒപ്പം വന്നു. എ കെ ആന്റണി എകെജി സെന്ററിൽ വന്ന് കൂടെയിരുന്ന് ഭരിച്ചിട്ടുണ്ട്. കുഞ്ഞാലിയുടെ കൊലപാതകിക്ക് സിപിഎം വോട്ട് ചെയ്ത സാഹചര്യമുണ്ടായിട്ടുണ്ട്.മുസ്ലീം ലീഗിനെ കൂടെ കൂട്ടിയതും നരസിംഹ റാവു തങ്ങളുടെ പിന്തുണയോടെ കേന്ദ്രം ഭരിച്ചതുമെല്ലാം അദ്ദേഹം ചൂണ്ടിക്കാട്ടി
Discussion about this post