തിരുവനന്തപുരം : 7.5 ലക്ഷം മെൻസ്ട്രൽ കപ്പ് വിതരണം ചെയ്ത് പൊതുമേഖലാ സ്ഥാപനമായ എച്ച്എൽഎൽ. ആർത്തവ ശുചിത്വവുമായി ബന്ധപ്പെട്ട് അവബോധം സൃഷ്ടിക്കുന്നതിന് നടത്തിയ ‘തിങ്കൾ’ പദ്ധതിയുടെ ഭാഗമായാണ് 7.5 ലക്ഷം മെൻസ്ട്രൽ കപ്പ് വിതരണം ചെയ്തിരിക്കുന്നത്. ഒക്ടോബർ 31 വരെയുള്ള കണക്കാണിത്.
കേരളത്തിന് പുറമെ ജാർഖണ്ഡ്, ഗുജറാത്ത്, മഹാരാഷ്ട്ര, തെലങ്കാന, കർണാടക, തമിഴ്നാട് എന്നിങ്ങനെ ഏഴ് സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശമായ ലക്ഷദ്വീപിലുമാണ് ഈ പദ്ധതി നിലവിൽ നടപ്പിലാക്കി വരുന്നത്. വിവിധ സംസ്ഥാന സർക്കാരുകൾ, കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങൾ, എൻജിഒകൾ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.
2018 ലെ പ്രളയകാലത്ത് നേരിട്ട സാനിട്ടറി നാപ്കിൻ നിർമാർജന പ്രതിസന്ധിക്ക് പരിഹാരമായാണ് ഈ പദ്ധതി നടപ്പിലാക്കിയത.് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന പൊതുമേഖല സ്ഥാപനമാണ് എച്ച്എൽഎൽ ലൈഫ്കെയർ ലിമിറ്റഡ്. പദ്ധതിയുടെ നിർവഹണ ചുമതല എച്ച്എൽഎല്ലിന്റെ സാമൂഹിക വിദ്യാഭ്യാസ വികസന വിഭാഗമായ എച്ച്എൽഎൽ മാനേജ്മെന്റ് അക്കാദമിയ്ക്കാണ് .
ഒരു സ്ത്രീ ആർത്തവ കാലഘട്ടത്തിൽ ശരാശരി 15000 സാനിറ്ററി നാപ്കിനുകൾ ഉപയോഗിക്കുന്നുണ്ട് എന്നാണ് കണക്ക്. കൂടാതെ ഇത് കൂടുതലായി ഉപയോഗിക്കുന്നത് അത്ര നല്ലതുമല്ല. പാഡുകൾക്ക് ഉള്ളിലെ ജെൽ, പ്ലാസ്റ്റിക് തുടങ്ങിയവ പരിസ്ഥിതി സൗഹൃദമല്ലാത്തതാണെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നുണ്ട്. ഈ മെൻസ്ട്രൽ കപ്പ് വിതരണം ചെയ്യുക വഴി 10000 ടൺ നാപ്കിൻ മാലിന്യങ്ങളാണ് കുറയ്ക്കാൻ സഹായിക്കുന്നത്.
Discussion about this post