90കളിൽ കുട്ടികളെയെല്ലാം ടെലിവിഷന് മുൻപിൽ പിടിച്ചിരുത്തിയ വികാരമായിരുന്നു ഇന്ത്യയുടെ സ്വന്തം സൂപ്പർ ഹീറോ ശക്തിമാൻ. ഒരു നീണ്ട ഇടവേളയ്ക്കുശേഷം ഇപ്പോഴിതാ പുതിയ തലമുറയിൽ ആവേശം തീർക്കാൻ ശക്തിമാൻ വീണ്ടും എത്തുകയാണ്. കുട്ടികളുടെ സ്വന്തം ശക്തിമാൻ ആയി നിറഞ്ഞാടിയ താരം മുകേഷ് ഖന്ന തന്നെയാണ് പുതിയ ശക്തിമാനെ കുറിച്ചുള്ള വാർത്ത പങ്കുവെച്ചത്.
തന്റെ യൂട്യൂബ് ചാനലിലൂടെ ആണ് മുകേഷ് ഖന്ന ശക്തിമാൻ തിരികെ വരുന്ന വാർത്ത പങ്കുവെച്ചത്. ജനപ്രിയ പരമ്പരയായിരുന്ന ശക്തിമാന്‍റെ പുതിയ പതിപ്പിന്റെ ട്രെയിലറും അദ്ദേഹം തന്റെ ഭീഷ്മ് ഇന്റർനാഷണൽ എന്ന ചാനലിലൂടെ പങ്കുവെച്ചു. നമ്മുടെ ആദ്യത്തെ ഇന്ത്യൻ സൂപ്പർ ടീച്ചർ, സൂപ്പർ ഹീറോ, ഇത് അദ്ദേഹത്തിന്റെ തിരിച്ചുവരവിനുള്ള സമയമാണ്. പുതിയ തലമുറയ്ക്ക് വേണ്ടി അവനെ സ്വാഗതം ചെയ്യുന്നു, എന്ന കുറിപ്പോടെയാണ് മുകേഷ് ഖന്ന ഈ ട്രെയിലർ പങ്കുവെച്ചിരിക്കുന്നത്.
1997-ൽ ദൂരദർശനിൽ സംപ്രേഷണം ആരംഭിച്ച ടെലിവിഷൻ പരമ്പര ആയിരുന്നു ശക്തിമാൻ. ഒരു കാലഘട്ടത്തിലെ കുട്ടികളെ ഏറെ സ്വാധീനിച്ച പരമ്പര ആയിരുന്നു ഇത്. ശക്തിമാന്‍റെ വേഷവും ശക്തിമാനായി അഭിനയിച്ച മുകേഷ് ഖന്നയും കുട്ടികൾക്കിടയിൽ വലിയ തരംഗം തന്നെയായിരുന്നു തീർത്തത്. 400-ലധികം എപ്പിസോഡുകൾ പൂർത്തിയാക്കിയ പരമ്പര 2005 മാർച്ചിൽ ആണ് അവസാനിച്ചത്.
Discussion about this post