ഇറാനിൽ ആയത്തൊള്ള ഖമേനി ഭരണകൂടത്തിനെതിരായ ജനകീയ പ്രക്ഷോഭം ആളിപ്പടരുന്നതിനിടെ ഭാരതത്തിന്റെ ഇടപെടൽ തേടി ഇറാൻ. ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാഗ്‌ചി, ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറെ ഫോണിൽ വിളിച്ച് നിലവിലെ സാഹചര്യങ്ങൾ ചർച്ച ചെയ്തു. ഇറാനിലെ സംഭവവികാസങ്ങൾ ഗൗരവത്തോടെ നിരീക്ഷിക്കുകയാണെന്ന് എസ്. ജയശങ്കർ എക്‌സിലൂടെ വ്യക്തമാക്കി. ഇറാനിൽ നടക്കുന്ന പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 2,500 കടന്നതോടെ മേഖലയിൽ അനിശ്ചിതത്വം മുറുകുകയാണ്. ഈ പശ്ചാത്തലത്തിലാണ് ഇറാൻ വിദേശകാര്യമന്ത്രി ഭാരതത്തിന്റെ സഹായവും പിന്തുണയും തേടി ഡോ. എസ്. ജയശങ്കറെ ബന്ധപ്പെട്ടത്. ഇറാനിലും പരിസര പ്രദേശങ്ങളിലും മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങൾ ഇരുവരും വിശദമായി ചർച്ച ചെയ്തു. ദേശീയ താല്പര്യങ്ങൾക്കും പൗരന്മാരുടെ സുരക്ഷയ്ക്കും മുൻഗണന നൽകിക്കൊണ്ട് ഇറാൻ വിഷയത്തിൽ ഭാരതം കരുതലോടെയുള്ള നീക്കങ്ങളാണ് നടത്തുന്നത്.
ഇറാനിലുള്ള മുഴുവൻ ഭാരതീയരോടും രാജ്യം വിടാൻ ഇന്ത്യൻ എംബസി ഇതിനകം നിർദ്ദേശം നൽകിയിട്ടുണ്ട്.ലഭ്യമായ വിമാന സർവീസുകൾ ഉപയോഗിച്ച് വിദ്യാർത്ഥികളും തീർത്ഥാടകരും ബിസിനസ്സുകാരും എത്രയും വേഗം മടങ്ങണം. പ്രതിഷേധ മേഖലകളിൽ നിന്ന് വിട്ടുനിൽക്കണമെന്നും യാത്രാ രേഖകൾ എപ്പോഴും കൈവശം വെക്കണമെന്നും നിർദ്ദേശമുണ്ട്.എംബസിയുമായി നിരന്തരം സമ്പർക്കം പുലർത്താനും വിവരങ്ങൾ കൈമാറാനും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.
ഇറാനിൽ കുടുങ്ങിക്കിടക്കുന്ന കാശ്മീരി വിദ്യാർത്ഥികളുടെ സുരക്ഷയിൽ ആശങ്ക പ്രകടിപ്പിച്ച് ജമ്മു കാശ്മീർ സ്റ്റുഡന്റ്സ് അസോസിയേഷൻ രംഗത്തെത്തി. ഇറാനിലെ വിവിധ സർവ്വകലാശാലകളിൽ പഠിക്കുന്ന കാശ്മീരി വിദ്യാർത്ഥികളെ എത്രയും വേഗം നാട്ടിലെത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും വിദേശകാര്യ മന്ത്രിയോടും അവർ അപേക്ഷിച്ചു. ഇന്റർനെറ്റ് വിച്ഛേദിക്കപ്പെട്ടതും തെരുവുകളിലെ അക്രമങ്ങളും വിദ്യാർത്ഥികളുടെ ജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്.












Discussion about this post