തൃശ്ശൂർ: വയനാടിന് പിന്നാലെ ചാവക്കാടും ഭൂമി അവകാശപ്പെട്ട് വഖഫ് ബോർഡിന്റെ നോട്ടീസ്. ഒരുമനയൂർ വില്ലേജിലെ 37 കുടുംബങ്ങൾക്കാണ് കഴിഞ്ഞ ദിവസം വഖഫ് ബോർഡിന്റെ നോട്ടീസ് ലഭിച്ചത്. സംഭവത്തിൽ കേന്ദ്രമന്ത്രിയും എംപിയുമായി സുരേഷ് ഗോപിയ്ക്ക് നിവേദനം നൽകാനാണ് നോട്ടീസ് ലഭിച്ചവരുടെ തീരുമാനം.
പുഴയ്ക്കൽ തറവാട്ടുകാരിൽ നിന്നും സ്ഥലം വിലകൊടുത്ത് വാങ്ങിയവർക്കുൾപ്പെടെയാണ് നോട്ടീസ് ലഭിച്ചിരിക്കുന്നത്. 1910 ൽ പൊന്നാനി താലൂക്കിൽ സാമൂതിരിയുടെ പണ്ടാരം വഴിയാണ് ഇവർക്ക് ഈ ഭൂമി ചാർത്തിക്കെട്ടിയത്. കാശുകൊടുത്ത് വാങ്ങിയ ഭൂമിയിൽ നിന്നും കുടിയൊഴിപ്പിക്കപ്പെടുമോ എന്ന ഭീതിയിലാണ് ഇവിടുത്തെ ജനങ്ങൾ.
നോട്ടീസ് ലഭിച്ചതിന് പിന്നാലെ ബിജെപി ചാവക്കാട് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് കെ ആർ ബൈജു ബോഷി ചാണാശ്ശേരി, രജനി സുരേഷ്, വിനീത് മൂത്തമ്മവ് എന്നിവർ വീടുകളിലെത്തി വീട്ടുകാരുമായി സംസാരിച്ചു. എല്ലാവിധ സഹായങ്ങളും ഉറപ്പ് നൽകി. ഭൂമി നഷ്ടമാകാതിരിക്കാൻ ഇവർക്കായി നിയമ നടപടികൾ സ്വീകരിക്കുമെന്ന് ബിജെപി അറിയിച്ചു. വഖഫ് ഭീഷണി നേരിടുന്ന മുഴുവൻ കുടുംബങ്ങളെയും അണിനിരത്തി ജനകീയ സമരം നടത്താനാണ് ബിജെപിയുടെ തീരുമാനം.
അതേസമയം മുനമ്പത്ത് വഖഫ് ബോർഡിന്റെ ഭീഷണി നേരിടുന്ന കുടുംബങ്ങൾക്ക് ഭൂമി നഷ്ടമാകില്ലെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജ്ജു ഉറപ്പ് നൽകിയിട്ടുണ്ട്. നിയമം വഴി മുനമ്പത്തെ ജനങ്ങളെ സംരക്ഷിക്കുമെന്നാണ് അദ്ദേഹത്തിന്റെ ഉറപ്പ്. ഡൽഹിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ആയിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
Discussion about this post