കൊച്ചി: ലഹരി മരുന്ന് ശൃംഖലയിൽപെട്ട സുഹൃത്തുക്കളെ കുറിച്ചു എക്സൈസ് സംഘത്തിനു വിവരങ്ങൾ കൈമാറിയ യുവാവിന് മർദ്ദനം. മൂവാറ്റുപുഴ സ്വദേശി അനുമോഹനാണ് മർദ്ദനമേറ്റത്. ലഹരി സംഘങ്ങളെക്കുറിച്ച് എക്സൈസിനും പൊലീസിനും വിവരം നൽകുന്നവർക്കുളള മുന്നറിയിപ്പെന്ന രീതിയിലാണ് മർദ്ദനം ചിത്രീകരിച്ച് സാമൂഹ്യ മാധ്യമങ്ങളിലിട്ടതെന്നാണ് പൊലീസ് പറയുന്നത്. അതെ സമയം ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ ഇവർ ഒളിവിലാണ്.
നേരത്തെ, ആനിക്കാട് , വാഴക്കുളം മേഖലകളിൽ വിദ്യാർത്ഥികൾക്കിടയിലുൾപ്പെടെ ലഹരി ഉപയോഗം വ്യാപകമെന്ന് പരാതിയുണ്ടായിരുന്നു. ഇതന്വേഷിച്ച എക്സൈസ് ഉദ്യോഗസ്ഥർക്ക് അനുമോഹൻ സുഹൃത്തുക്കളുടെ പേരുൾപ്പെടെ നൽകിയെന്നാണ് വിവരം.
വീട്ടിൽ നിന്ന് വിളിച്ചിറക്കികൊണ്ടുപോയാണ് യുവാവിനെ കൈകാര്യം ചെയ്തത്. മർദ്ദിച്ചവരും യുവാവിൻ്റെ സുഹൃത്തുക്കളാണ്. ഇവരെല്ലാവരും സ്ഥിരമായി രാസ ലഹരി ഉപയോഗിക്കുന്നവരെന്നാണ് പൊലീസിന് കിട്ടിയ വിവരം. അതേസമയം, യുവാവിന്റെ ഭാഗത്ത് നിന്നും പരാതി ലഭിച്ചില്ലെങ്കിലും മർദ്ദിച്ചവരെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി.
Discussion about this post