സ്വന്തം വിവാഹത്തിന് സമയത്ത് എത്താൻ സാധിക്കില്ലെന്ന് ആശങ്കപ്പെട്ട യുവാവിനെ സഹായിച്ച് ഇന്ത്യൻ റെയിൽവേ. ചന്ദ്രശേഖർ വാഗ് എന്ന യുവാവിനെയാണ് റെയിൽവേ സഹായിച്ചത്. അദ്ദേഹം തന്റെ ബന്ധുക്കൾക്കൊപ്പം മുംബൈയിൽ നിന്ന് ഗുവാഹത്തിയിലേക്ക് ഗീതാഞ്ജലി എക്‌സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്നു. അവിടെ വച്ചായിരുന്നു വാഗിന്റെ വിവാഹം. ഒപ്പം 34 പേരും ഉണ്ടായിരുന്നു. എന്നാൽ, ട്രെയിൻ 3-4 മണിക്കൂർ വൈകി. അതോടെ കൊൽക്കത്തയിലെ ഹൗറ സ്റ്റേഷനിൽ നിന്നുള്ള അവരുടെ കണക്ടിംഗ് ട്രെയിനായ സരാഘട്ട് എക്‌സ്പ്രസ് കിട്ടാനുള്ള സാധ്യതയില്ലാതായി. ഇത് വാഗിനെ ആകെ ആശങ്കയിലാക്കി. തുടർന്ന് തന്റെ ഈ നിസ്സഹായത ചൂണ്ടിക്കാട്ടി യുവാവ് എക്‌സിൽ ഒരു പോസ്റ്റിട്ടു. പോസ്റ്റിൽ റെയിൽവേ മന്ത്രിയേയും ടാഗ് ചെയ്തിരുന്നു. എന്നിരുന്നാലും, ട്വീറ്റ് ഫലിച്ചു.
ഈസ്റ്റേൺ റെയിൽവേയുടെ ജനറൽ മാനേജരുടെ നിർദ്ദേശപ്രകാരം ഹൗറയിലെ ഡിവിഷണൽ റെയിൽവേ മാനേജർ, സീനിയർ ഡിവിഷണൽ കൊമേഴ്സ്യൽ മാനേജർ എന്നിവർ ചേർന്ന് വരനെ സമയത്തിന് വിവാഹസ്ഥലത്തെത്തിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി. സരാഘട്ട് എക്‌സ്പ്രസ് ഹൗറയിൽ കുറച്ചുനേരം നിർത്തി. അതേസമയം, ഗീതാഞ്ജലി എക്സ്പ്രസിന്റെ പൈലറ്റിനെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കുകയും വേഗത്തിൽ എത്തിച്ചേരാൻ നിർദ്ദേശിക്കുകയും ചെയ്തു. ഗീതാഞ്ജലി എക്സ്പ്രസിന് കാലതാമസം കൂടാതെ ലക്ഷ്യസ്ഥാനത്ത് എത്താൻ റെയിൽവേ എല്ലാ ക്രമീകരണങ്ങളും ചെയ്തു.
ഗീതാഞ്ജലി എക്‌സ്പ്രസ് അതിന്റെ പുതുക്കിയ ഷെഡ്യൂളിന് മുമ്പായി ഹൗറയിലെത്തി. വന്നയുടനെ, 35 അംഗങ്ങളും ഏതാനും മിനിറ്റുകൾക്കുള്ളിൽ സരാഘട്ട് എക്‌സ്പ്രസിൽ കയറിയെന്ന് റെയിൽവേ ജീവനക്കാർ ഉറപ്പാക്കി.വെറുമൊരു സേവനം എന്നതിനും അപ്പുറം കരുണയുള്ളൊരു പ്രവൃത്തിയാണ് റെയിൽവേ ചെയ്തത് എന്നാണ് നന്ദി അറിയിച്ചുകൊണ്ട് വാഗ് പറഞ്ഞത്.
Discussion about this post