ഇംഫാൽ: മണിപ്പൂരിൽ സംഘർഷാവസ്ഥ രൂക്ഷമായി തുടരുന്നു. മുഖ്യമന്ത്രി ബിരേൻ സിംഗിന്റെയും പലയിടത്തും മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും വീടുകൾക്ക് നേരെയും ആക്രമണം നടന്നു . ഏതാനും മണിക്കൂറുകളായി സംഘർഷം കൂടുതൽ പ്രദേശത്തേക്ക് വ്യാപിച്ചിരിക്കുകയാണ്. മന്ത്രിമാരുടെ വീടുകൾ കൂടാതെ ആരാധനാലയങ്ങൾക്ക് നേരെയും ആക്രമണം ഉണ്ടായതായാണ് റിപ്പോർട്ട്.
മണിപ്പുരിലെ ജിരിബാമിൽ മെയ്തി വിഭാഗത്തിൽപ്പെട്ട ആറുപേരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തെ തുടർന്നാണ് സംസ്ഥാനത്ത് വീണ്ടും സംഘർഷം വ്യാപകമായത്. കാണാതായവരുടെ മൃതദേഹങ്ങൾ നദിയിൽ കണ്ടെത്തിയതിന് പിന്നാലെയാണ് സംഘർഷം പടർന്നത്.
മുഖ്യമന്ത്രിയുടെ കുടുംബ വീടിനുനേരെയാണ് ആക്രമണമുണ്ടായതെന്നും ഈ സമയം ഇവിടെ ആരും ഉണ്ടായിരുന്നില്ല എന്നുമാണ് റിപ്പോർട്ട്. ആരോഗ്യ കുടുംബക്ഷേമ മന്ത്രി സപം രഞ്ജന്റെയും, ഉപഭോക്തൃ മന്ത്രി എൽ.സുശീന്ദ്റോ സിംഗിന്റെയും വീടുകൾക്കുനേരെയും ആക്രമണമുണ്ടായി. മുഖ്യമന്ത്രി ബിരേൻ സിംഗിന്റെ മരുമകൻ രാജ്‌കുമാർ ഇമോ സിംഗ്, രഘുമണി സിംഗ്, സപം കുഞ്ഞകേശ്വർ എന്നിവരുൾപ്പെടെയുള്ള ബിജെപി നിയമസഭാംഗങ്ങളുടെ വീടുകളാണ് ആക്രമിക്കപ്പെട്ടത്. സ്വതന്ത്ര എംഎൽഎ സപം നിഷികാന്തയുടെ വീടിന് നേരെയും ആക്രമണമുണ്ടായി.
Discussion about this post