മലപ്പുറം; അംഗത്വം സ്വീകരിച്ചതിന് പിന്നാലെ തനി കോൺഗ്രസുകാരനായി സന്ദീപ് വാര്യർ. സിപിഎം-ബിജെപി സംയുക്ത ഇന്നോവ തന്നെ കൊല്ലാൻ വേണ്ടി അയക്കുമോ എന്നാണ് ഇപ്പോഴത്തെ ഭയമെന്ന് സന്ദീപ് വാര്യർ പറയുന്നു. ആ ഇന്നോവ ഒരുപക്ഷേ ഡ്രൈവ് ചെയ്യുന്നത് എം.ബി. രാജേഷാണെങ്കിൽ, അതിൽ എനിക്കെതിരെയുള്ള ക്വട്ടേഷനുമായി വരുന്നത് കെ. സുരേന്ദ്രനായിരിക്കാമെന്നും സന്ദീപ് പ്രതികരിച്ചു.
രണ്ടുകൂട്ടരും ഒരേ ഫാക്ടറിയിൽ ഉത്പാദിപ്പിക്കുന്ന ആക്ഷേപങ്ങളാണ് എനിക്കെതിരെ ഉന്നയിക്കുന്നത്. ഇതെങ്ങനെയാണ് സയാമീസ് ഇരട്ടകളേപ്പോലെ ആക്ഷേപിക്കാൻ കഴിയുന്നത്. ഇതൊക്കെ കേരളത്തിലെ ജനങ്ങളും പാലക്കാട്ടെ വോട്ടർമാരും കാണുന്നുണ്ട്. ഓഫർ കിട്ടിയിട്ടാണ് പോയതെന്നാണ് ആക്ഷേപം. അങ്ങനെയെങ്കിൽ അത് നൽകുന്നവർക്കടുത്തേക്കല്ലെ പോകേണ്ടത്. ഞാൻ കോൺഗ്രസിലേക്ക് വരുന്ന സമയത്ത് കേരളത്തിൽ യുഡിഎഫിന് ഭരണമില്ല. രാജ്യത്ത് കോൺഗ്രസിന് ഭരണമില്ല അങ്ങനെ പ്രതിപക്ഷത്ത് നിൽക്കുന്ന പാർട്ടിയിലേക്ക് കടന്നുവരികയാണ് ചെയ്തതെന്ന് സന്ദീപ് വാര്യർ പറയുന്നു.
‘മലപ്പുറവുമായി പൊക്കിൾകൊടി ബന്ധമാണ് തനിക്കുള്ളത്. മലപ്പുറം സഹോദര്യത്തിൻറെയും മതനിരപേക്ഷതയുടെയും നാടാണ്. അതിനു പിന്നിൽ കൊടപ്പനക്കൽ കുടുംബത്തിൻറെ വലിയ പ്രയത്‌നമുണ്ട്. ലോകത്തിനു തന്നെ മാതൃകയായ ഈ മലപ്പുറത്തിൻറെ മാനവിക സൗഹാർദത്തിന് അടിത്തറ പാകിയത് ഈ കുടുംബമാണെന്ന് താൻ വിശ്വസിക്കുന്നുവെന്ന് സന്ദീപ് വാര്യർ പറഞ്ഞു. ബി.ജെ.പിയുടെ ഭാഗമായി നിൽക്കുന്ന സമയത്ത് ഞാൻ പറഞ്ഞ കാര്യങ്ങളിൽ ഹൃദയവേദന ഉണ്ടായിട്ടുള്ള ഒരുവിഭാഗം ആളുകളുണ്ടെങ്കിൽ, അവർക്കെന്തെങ്കിലും തെറ്റിദ്ധാരണ ഉണ്ടായിട്ടുണ്ടെങ്കിൽ അത് മാറ്റാൻ ഈ സന്ദർശനം വലിയ സഹായകരമാകുമെന്ന് വിശ്വസിക്കുന്നുവെന്ന് സന്ദീപ് വാര്യർ പറഞ്ഞു.
ബിജെപിയെ നന്നാക്കാൻ ഒരു ചൂരലെടുത്ത് മാരാർജി ഭവന് ചുറ്റും നടക്കാനും ഉദ്ദേശിക്കുന്നില്ല. ഞാൻ തല്ലിയാലും അവർ നന്നാകാൻ പോകുന്നില്ല. അതുകൊണ്ട് ഇനിമുതൽ കോൺഗ്രസിന്റെ രാഷ്ട്രീയം ഉയർത്തിപ്പിടിച്ച് മുന്നോട്ടുപോകുമെന്നും സന്ദീപ് വാര്യർ കൂട്ടിച്ചേർത്തു.
Discussion about this post