ന്യൂഡൽഹി: ഗോദ്ര കൂട്ടക്കൊലയെ ആസ്പദമാക്കി നിർമ്മിച്ച് ചിത്രം ദി സബർമതി റിപ്പോർട്ടിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സത്യം പുറത്തുവരുന്നത് ഒരു നല്ലകാര്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. എക്‌സിലൂടെയായിരുന്നു ചരിത്രപ്രാധാന്യമുള്ള ചിത്രത്തെ പ്രശംസിച്ച് അദ്ദേഹം രംഗത്ത് എത്തിയത്.
ഗോദ്രാ കൂട്ടക്കൊലയുടെയും ഇതിനെ ചുറ്റിപ്പറ്റിയുള്ള പ്രചാരണങ്ങളുടെയും സത്യം എന്തെന്ന് വ്യക്തമാക്കുന്ന സിനിമയാണ് ദി സബർമതി റിപ്പോർട്ട് എന്ന് പ്രധാനമന്ത്രി പറഞ്ഞു. തെറ്റായ പ്രചാരണങ്ങൾക്ക് ഒരിക്കലും അധികം ആയുസ് ഉണ്ടാകാറില്ല. ഇവയ്ക്ക് ഒരു നിശ്ചിത സമയത്തേയ്ക്ക് മാത്രമാണ് നിലനിൽപ്പ് ഉള്ളത്. സത്യം പുറത്തുവരുന്നത് എല്ലായ്‌പ്പോഴും നല്ലതാണ്. അതും ആളുകൾക്ക് കാണാൻ കഴിയുന്ന മാർഗ്ഗത്തിലൂടെ ആകുമ്പോൾ ഏറ്റവും നല്ലതെന്നും അദ്ദേഹം പറഞ്ഞു.
ദി സബർമതി റിപ്പോർട്ട് കണ്ടതിന് പിന്നാലെ ഈ സിനിമ നിർബന്ധമായു എല്ലാവരും കണ്ടിരിക്കണം എന്ന തരത്തിൽ എക്‌സ് ഉപയോക്താവ് കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു. ഇതിന് മറുപടിയെന്നോണം ആയിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 59 പേരുടെ ജീവൻ എടുത്ത 2002 ലെ ഗോദ്ര കൂട്ടക്കൊലയ്ക്ക് പിന്നിലെ സത്യം വിളിച്ചോതുന്ന സിനിമ നിർബന്ധമായും കണ്ടിരിക്കണം എന്നായിരുന്നു എക്‌സ് ഉപയോക്താവ് പങ്കുവച്ച കുറിപ്പ്.
വിക്രാന്ത് മാസിയെ നായകനാക്കി ധീരജ് സർന നിർമ്മിച്ച സിനിമയാണ് ദി സബർമതി റിപ്പോർട്ട്. ഈ മാസം 15 ന് തിയറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം ഇതിനോടകം തന്നെ ആളുകൾ ഏറ്റെടുത്തിട്ടുണ്ട്.
Discussion about this post