ന്യൂഡൽഹി: അമേരിക്കയുടെ നാല്പത്തി ഏഴാമത് പ്രസിഡന്റ് ആയി ഡൊണാൾഡ് ട്രംപ് അധികാരത്തിൽ എത്തിയിരിക്കുകയാണ്. ഒന്നാം ട്രംപ് ഭരണകൂടത്തിൽ നിന്നും വ്യത്യസ്തമായി ഇന്ത്യ സമ്മിശ്ര മനോഭാവത്തോട് കൂടിയാണ് ട്രംപ് 2.0 നെ കാണുന്നത്. അമേരിക്കയെ വീണ്ടും മഹത്തരമാക്കുക എന്ന അദ്ദേഹത്തിന്റെ പദ്ധതിയുടെ ഭാഗമായി ഇന്ത്യക്ക് നേരെ ഇറക്കുമതി തീരുവകൾ ട്രംപ് ചുമത്തുമോ എന്ന ആശങ്കയിലാണ് ഇന്ത്യൻ ബിസിനസ് ലോകം.
എന്നാൽ ഈയൊരു സാഹചര്യത്തിലാണ്, ട്രംപ് ഇന്ത്യയെ എങ്ങനെയാണു കാണുന്നതെന്ന് വ്യക്തമാക്കി അമേരിക്കൻ അക്കാദമിക വിദഗ്ധനും കോളമിസ്റ്റുമായ വാൾട്ടർ മീഡ് രംഗത്ത് വന്നത്. ന്യൂഡൽഹിയിൽ ഹിന്ദുസ്ഥാൻ ടൈംസ് സംഘടിപ്പിക്കുന്ന ലീഡേഴ്‌സ് സമ്മിറ്റിലാണ് ട്രംപിന്റെ കാഴ്ചപ്പാടിനെ കുറിച്ച് മീഡ് തുറന്നു പറഞ്ഞത്.
ചൈനയുമായുള്ള മത്സരം തുടരുന്ന സാഹചര്യത്തിൽ ഇന്ത്യയുമായും ക്വാഡുമായുള്ള ഉഭയകക്ഷി ബന്ധത്തെ പിന്തുണക്കുന്നത് ട്രംപ് തുടരും എന്നാണ് മീഡ് തുറന്ന് പറഞ്ഞത്. ബാർഡ് കോളേജിലെ ഫോറിൻ അഫയേഴ്‌സ് ആൻഡ് ഹ്യുമാനിറ്റീസ് പ്രൊഫസറും ദ വാൾ സ്ട്രീറ്റ് ജേർണലിൻ്റെ കോളമിസ്റ്റുമാണ് മീഡ്.
അടുത്ത ട്രംപ് പ്രസിഡൻസിയിൽ വ്യാപാര ബന്ധങ്ങൾ ഒരു പ്രശ്നം ആകും. എങ്കിലും ഇന്ത്യ-യുഎസ് സാമ്പത്തിക ബന്ധത്തിൽ ഡിജിറ്റൽ വിഷയങ്ങളും സാങ്കേതികവിദ്യയും ആണ് കൂടുതൽ പ്രാധാന്യം ഉള്ളത് . എന്നാൽ ട്രംപിന്റെ പരിഗണന സ്റ്റീൽ, കാറുകൾ തുടങ്ങിയ ഉത്പാദന മേഖലയിലേക്കാണ്. അത് കൊണ്ട് തന്നെ ഇന്ത്യ അമേരിക്ക വ്യാപാര ബന്ധത്തെ ട്രംപിന്റെ നയങ്ങൾ വലിയ രീതിയിൽ ബാധിക്കില്ല എന്നാണ് അദ്ദേഹം പറഞ്ഞത്.
അതേസമയം യുഎസ് വിദേശനയത്തിലെ ഏറ്റവുംകൂടുതൽ ഉഭയകക്ഷി യോജിപ്പുള്ള മേഖല ഇന്തോ-പസഫിക് നയമാണെന്നും അദ്ദേഹം വ്യക്തമാക്കി. അതായത് ഇന്ത്യയും ചൈനയും. ട്രംപ് ക്വാഡിനെ പിന്തുണയ്ക്കുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഇന്ത്യയെ സംരക്ഷിക്കാൻ രാജ്യം അമേരിക്കയോട് ആവശ്യപ്പെടുന്നില്ല. ഇന്ത്യ യുഎസിനോട് സൈനിക ഗ്യാരൻ്റിയും തേടുന്നില്ല. സ്വന്തം പ്രതിരോധത്തിന് സ്വന്തമായി പണം മുടക്കുകയാണ് . അതുകൊണ്ട് എല്ലാ കാര്യങ്ങളിലും, ട്രംപ് അന്വേഷിക്കുന്ന അസോസിയേറ്റ് ശക്തിയാണ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post