ശ്രീനഗര്‍:ജമ്മു കശ്മീരിലെ പാംപോറില്‍ സര്‍ക്കാര്‍ കെട്ടിടത്തിലൊളിച്ച ഭീകരരുമായി സൈന്യം ഏറ്റുമുട്ടല്‍ നടത്തുമ്പോള്‍ നൂറുകണക്കിന് പ്രദേശവാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയെന്ന് റിപ്പോര്‍ട്ട്. പ്രതിഷേധക്കാര്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ചു. സുരക്ഷാസേനയ്ക്ക് നേരെ കല്ലേറ് നടത്തുകയും ചെയ്തുവെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇതേ തുടര്‍ന്ന് പ്രതിഷേധക്കാരും പോലിസും തമ്മില്‍ ഏററുമുട്ടലുണ്ടായി.
ഏറ്റുമുട്ടലിനിടെ പ്രതിഷേധക്കാരെ നീക്കാന്‍ പൊലീസ് കണ്ണീര്‍ വാതകം ഉപയോഗിച്ചു. ഭീകരരുമായി ഏറ്റുമുട്ടല്‍ ആരംഭിച്ച ശനിയാഴ്ചയും പ്രതിഷേധവുമായി യുവാക്കള്‍ ഉള്‍പ്പെടെയുള്ള ഒരു സംഘം രംഗത്തെത്തിയിരുന്നു.പാംപോറില്‍ ശ്രീനഗര്‍ ജമ്മു ദേശീയപാതയില്‍ ശനിയാഴ്ച സിആര്‍പിഎഫ് വാഹനത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ തുടര്‍ച്ചയായാണ് ഭീകരര്‍ കെട്ടിടത്തിനുള്ളില്‍ ഒളിച്ചത്. ക്യാപ്റ്റന്‍ പദവിയിലുള്ള രണ്ടു പേരടക്കം അഞ്ചു സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ഭീകരാക്രമണത്തില്‍ ജീവന്‍ നഷ്ടമായി. 120 നാട്ടുകാരെ സുരക്ഷിത സ്ഥലങ്ങളിലേക്കു മാറ്റുന്നതിനിടെയുണ്ടായ വെടിവയ്പില്‍ ഒരു നാട്ടുകാരനും മരിച്ചു. കൊല്ലപ്പെട്ട മൂന്നു ഭീകരരെ ഇതുവരെയും തിരിച്ചറിഞ്ഞിട്ടല്ല.
അതിനിടെ, തിങ്കളാഴ്ച ഏറ്റുമുട്ടല്‍ നടക്കുമ്പോള്‍ ജമ്മു കശ്മീരിന്റെ വിവധഭാഗങ്ങളില്‍ നിന്നു ഭീകരരെ പിന്തുണച്ച് ഉച്ചഭാഷിണികളില്‍ നിന്നും സന്ദേശം വന്നിരുന്നുവെന്ന് പ്രമുഖ ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഭീകരരെ വിശുദ്ധ പോരാളികളായി ചിത്രീകരിക്കുന്നതായിരുന്നു ഇത്. പാക്ക് അനുകൂല മുദ്രാവാക്യങ്ങളും മുഴങ്ങിയിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഭീകരവാദികള്‍ക്ക് പിന്തുണ അറിയിച്ച് പുല്‍വാമ ജില്ലയിലും ത്രാലിലും വിഘടനവാദികള്‍ തിങ്കളാഴ്ച ബന്ദ് നടത്തുകയും പോസ്റ്ററുകള്‍ പതിക്കുകയും ചെയ്തുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Discussion about this post