തൃശൂര്‍: പാമോലിന്‍ കേസില്‍ പ്രതികളായ മുന്‍ ചീഫ് സെക്രട്ടറി കെ.പദ്മകുമാര്‍, അഡീഷണല്‍ ചീഫ് സെക്രട്ടറി സക്കറിയ മാത്യുവിനേയും തൃശൂര്‍ വിജിലന്‍സ് കോടതി കുറ്റവിമുക്തരാക്കി. ഇരുവരും നല്കിയ വിടുതല്‍ ഹര്‍ജി പരിഗണിച്ചു കൊണ്ടാണ് കോടതിയുടെ ഉത്തരവ്. കേസിലെ മൂന്നും നാലും പ്രതികളാണ് ഇവര്‍.
കേസിന്റെ വിചാരണ ആരംഭിക്കാനിരിക്കെയാണ് രണ്ടു പേരെ വെറുതെ വിട്ടത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെക്കുറിച്ച് കോടതി പരാമര്‍ശമുണ്ടായി. ഇടപാടിനെക്കുറിച്ച് അന്നത്തെ ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയ്ക്ക് അറിവുണ്ടായിരുന്നെന്ന് കോടതി പറഞ്ഞു. പാമോലിൻ ഇടപാട് സംബന്ധിച്ച ഫയൽ നേരത്തേ കണ്ടിട്ടില്ലെന്നും ഇതേക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്നുമായിരുന്നു ഉമ്മൻചാണ്ടിയുടെ നിലപാട്.
അതേസമയം, ചീഫ് സെക്രട്ടറി ജിജി തോംസണും മുന്‍ ഭക്ഷ്യമന്ത്രി ടി.എച്ച്. മുസ്തഫയും പ്രതികളായി തുടരും. പാമോയില്‍ കേസ് പിന്‍വലിക്കാനാവില്ലെന്ന കേരള ഹൈക്കോടതിയുടെ വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുസ്തഫ നേരത്തെ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയെങ്കിലും അത് തള്ളിയിരുന്നു. കേസിന് രാഷ്ട്രീയ പ്രധാന്യം ഉണ്ടെന്നും അതിനാല്‍ തന്നെ കേസ് പിന്വലിക്കാനാവില്ലെന്നുമായിരുന്നു കോടതിയുടെ നിര്‍ദ്ദേശം.
മുസ്തഫയെ കൂടാതെ, പാമോയില്‍ ഇടപാട് നടക്കുന്ന സമയത്ത് സിവില്‍ സപ്ളൈസ് സെക്രട്ടറിയായിരുന്ന പി.ജെ.തോമസ്, ജിജി തോംസണ്‍, പാമോയില്‍ കന്പനി ഉദ്യോഗസ്ഥരായ സദാശിവന് പാമോയില്‍, ശിവരാമകൃഷ്ണന് എന്നിവരാണ് മറ്റു പ്രതികള്‍. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വിജിലന്‍സ് സാക്ഷിയാക്കിയിരുന്നു.
കെ. കരുണാകരന് മുഖ്യമന്ത്രിയായിരിക്കെ ആഗോള ടെന്‍ഡര്‍ വിളിക്കാതെ സിംഗപ്പൂരില്‍ നിന്ന് 30,000 മെട്രിക് ടണ്‍ പാമോയില്‍ ഇറക്കുമതി ചെയ്തതില്‍ ദുരൂഹതയുണ്ടെന്ന സി.എ. ജി റിപ്പോര്‍ട്ടാണ് കേസിന് അടിസ്ഥാനം.
Discussion about this post