ഓസ്ലോ: റഷ്യയുടെ ആണവായുധം നയം മാറിയ സാഹചര്യത്തില്‍ പൗരന്മാര്‍ക്ക് മുന്നറിയിപ്പുമായി യൂറോപ്യന്‍ രാജ്യങ്ങള്‍. പല നാറ്റോ രാജ്യങ്ങളും തങ്ങളുടെ പൗരന്മാരോട് യുദ്ധസാഹചര്യമുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. എങ്ങനെ ഒരു യുദ്ധത്തിന് തയ്യാറെടുക്കണമെന്ന് നിര്‍ദേശിക്കുന്ന ലഘുലേഖകള്‍ നാറ്റോ അംഗരാജ്യങ്ങള്‍ പൗരന്മാര്‍ക്ക് വിതരണം ചെയ്തതായി ഇന്ത്യാടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.
സ്വീഡനും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഇത് അഞ്ചാം തവണ മാത്രമാണ് സ്വീഡന്‍ ഇത്തരത്തില്‍ മുന്നറിയിപ്പ് നല്‍കുന്നത്. ലഘുലേഖ എല്ലാ സ്വീഡിഷ് കുടുംബങ്ങള്‍ക്കും അയച്ചിട്ടുണ്ട്. യുദ്ധം ഉള്‍പ്പെടെയുള്ള അടിയന്തര സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഉപദേശിക്കുന്ന ലഘുലേഖകള്‍ നോര്‍വേ പുറത്തിറക്കി.
ആണവ ആക്രമണം ഉള്‍പ്പെടെ മൂന്ന് ദിവസത്തെ അടിയന്തര സാഹചര്യം കൈകാര്യം ചെയ്യാന്‍ ഉണങ്ങിയ ഭക്ഷ്യവസ്തുക്കള്‍, വെള്ളം, മരുന്നുകള്‍ എന്നിവ സംഭരിക്കാന്‍ ഡെന്‍മാര്‍ക്ക് തങ്ങളുടെ പൗരന്മാര്‍ക്ക് അയച്ച ഇ-മെയില്‍ സന്ദേശത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
യുക്രൈന്‍ യുദ്ധത്തില്‍ ആണവായുധം പ്രയോഗിക്കാനും മടിക്കില്ലെന്ന സൂചന നല്‍കി, പുതുക്കിയ ആണവനയരേഖയില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിന്‍ ചൊവ്വാഴ്ച ഒപ്പുവെച്ചിരുന്നു. അമേരിക്കന്‍ മിസൈലുകള്‍ ഉപയോഗിച്ച് റഷ്യയുടെ ഉള്‍നഗരങ്ങളെ ആക്രമിക്കാന്‍ യുക്രൈനെ ബൈഡന്‍ അനുവദിച്ചതിന് പിന്നാലെയാണ് റഷ്യയുടെ നിര്‍ണായകതീരുമാനം.
Discussion about this post