മലപ്പുറം : സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ പൂട്ടി ഉടമകള്‍ മുങ്ങിയതായി പരാതി. വേങ്ങര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കാരാട്ട് കുറീസ്, നിധി ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളുടെ എംഡി സന്തോഷ്, ഡയറക്‌ടര്‍ മുബഷീര്‍ എന്നിവരാണ് മുങ്ങിയതായി പരാതി ഉയർന്നിട്ടുള്ളത്. സ്ഥാപനങ്ങള്‍ക്ക് കോടതിയുടെ സ്റ്റേ ഉണ്ടെന്നും ഓഫിസുകള്‍ തുറക്കേണ്ടതില്ലെന്നും രാവിലെ മുഴുവന്‍ ബ്രാഞ്ച് ഓഫിസിലെയും ജീവനക്കാരെ വിളിച്ച് അറിയിച്ചതിന് ശേഷമാണ് ഉടമകൾ മുങ്ങിയിരിക്കുന്നത് എന്നാണ് പുറത്തുവരുന്ന വിവരം.
നിലവില്‍ തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നിവിടങ്ങളിലായി 14 ബ്രാഞ്ചുകളാണ് കാരാട്ട് കുറീസിനുള്ളത്. പരാതിയുമായി ബന്ധപ്പെട്ട് സ്ഥാപനങ്ങളുടെ ഉടമകളെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തിട്ടുള്ളതായാണ് പരാതിക്കാർ വ്യക്തമാക്കുന്നത്. ബ്രാഞ്ച് ഓഫിസുകള്‍ തുറക്കാതായതോടെ സംശയം തോന്നിയ നിക്ഷേപകർ അന്വേഷിച്ചപ്പോഴാണ് ഉടമകൾ മുങ്ങിയതായി മനസ്സിലാക്കിയത്.
രണ്ട് സ്ഥാപനങ്ങളുടെയും പേരിലായി ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ് ആണ് നടന്നിരിക്കുന്നത്. കഴിഞ്ഞ ഏഴ് വർഷമായി മലപ്പുറം, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട് എന്നിവിടങ്ങളിൽ കാരാട്ട് കുറീസ് പ്രവർത്തിച്ചുവരുന്നുണ്ട്. നിലവിൽ തട്ടിപ്പിന് ഇരയായവരിൽ
ചിട്ടി അടച്ച് കാലാവധി കഴിഞ്ഞിട്ടും പണം തിരികെ ലഭിക്കാത്തവരുമുണ്ട്. ധനകാര്യ സ്ഥാപനങ്ങള്‍ക്ക് പുറമെ ഇവരുടെ കീഴിലുള്ള നിലമ്പൂര്‍ എടക്കരയിലെ സൂപ്പര്‍ മാര്‍ക്കറ്റും ഇപ്പോൾ അടച്ചുപൂട്ടിയിരിക്കുകയാണ്. സംഭവത്തിൽ നിക്ഷേപകരുടെ പരാതിയെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചു.
Leave a Comment