ലോർഡ്‌സിൽ ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റ് മത്സരത്തിനിടെ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്റെ മനോഭാവത്തെ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫ് വിമർശിച്ചു. മൂന്നാം ദിവസം സ്റ്റംപ്‌സിന് മുമ്പ് സാക്ക് ക്രാളിയുമായി ഗിൽ നടത്തിയ വാക്കുതർക്കം ഇംഗ്ലണ്ടിനെയും ക്യാപ്റ്റൻ ബെൻ സ്റ്റോക്‌സിനെയും അഞ്ചാം ദിവസം തീപാറുന്ന പ്രകടനം കാഴ്ചവയ്ക്കാൻ പ്രേരിപ്പിച്ചുവെന്ന് കൈഫ് ചൂണ്ടിക്കാട്ടി.
മൂന്നാം ദിവസം അവസാനിക്കുന്ന സമയത്ത് ഇംഗ്ലണ്ട് ബാറ്റിംഗ് തുടങ്ങുമ്പോൾ ക്രാളി സമയം പാഴാക്കുന്നതായി ഇന്ത്യൻ താരങ്ങൾ പറയുന്നു. പിന്നാലെ ഇംഗ്ലീഷ് നായകനോട് ഗില്ലിന്റെ നേതൃത്വത്തിൽ എല്ലാ താരങ്ങളും നേർക്കുനേർ എത്തുന്നു. ബാറ്റ്‌സ്മാനുമായി വാക്കുതർക്കത്തിൽ പോലും ഏർപ്പെട്ടു. എന്നാൽ, ആ മനോഭാവം അഞ്ചാം ദിനം ഇന്ത്യക്ക് തിരിച്ചടിയായി. ഇംഗ്ലണ്ട് താരങ്ങളും അതെ നാണയത്തിൽ ഇന്ത്യയെ വാശിയോടെ നേരിടുക ആയിരുന്നു.
“ഗില്ലും സാക്ക് ക്രാളിയും തമ്മിലുള്ള പോരാട്ടം ഇംഗ്ലണ്ടിനെ ഉയർത്തി. എഡ്ജ്ബാസ്റ്റണിന് ശേഷം, അവരുടെ ബാറ്റിംഗ്, ബൗളിംഗ്, ക്യാപ്റ്റൻസി എന്നിവയെക്കുറിച്ച് ചോദ്യങ്ങളുണ്ടായിരുന്നു. എന്നാൽ ആ സംഭവം സ്റ്റോക്‌സിനെ ആവേശഭരിതനാക്കി, അദ്ദേഹം പ്രചോദനാത്മകമായ സ്പെല്ലുകൾ എറിഞ്ഞു. നിങ്ങൾക്ക് അനുയോജ്യമായ മനോഭാവത്തിൽ ഉറച്ചുനിൽക്കുന്നതാണ് ബുദ്ധി. ഗിൽ ഇതിൽ നിന്ന് പാടിക്കിമെന്ന് കരുതാം” കൈഫ് എക്‌സിൽ എഴുതി.
രണ്ടാം ഇന്നിംഗ്‌സിലെ നാലാം ദിവസം ബാറ്റ് ചെയ്യാൻ ഇറങ്ങിയപ്പോൾ ഗിൽ സാങ്കേതികമായി എന്നും കാണിക്കുന്ന മികവ് കാണിച്ചില്ല എന്നും ശാന്തത കുറവായിരുന്നു എന്നും മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോൺ പറഞ്ഞു. ആൻഡേഴ്‌സൺ-ടെണ്ടുൽക്കർ ട്രോഫിയിൽ ഗിൽ മികച്ച ഫോമിലായിരുന്നു കളിച്ചിരുന്നത്. ഹെഡിംഗ്‌ലിയിൽ നടന്ന ആദ്യ ടെസ്റ്റിൽ സെഞ്ച്വറിയും എഡ്ജ്ബാസ്റ്റൺ ടെസ്റ്റിൽ രണ്ട് ഇന്നിംഗ്‌സുകളിലുമായി 430 റൺസും അദ്ദേഹം നേടി.
“മൂന്നാം ദിവസം വൈകുന്നേരം കാര്യങ്ങൾ കൂടുതൽ വഷളായപ്പോൾ, കളിയുടെ ശേഷിച്ച സമയത്ത് ഇംഗ്ലണ്ട് ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തതായി എനിക്ക് തോന്നി. നാലാം ദിവസം വൈകുന്നേരം ബാറ്റ് ചെയ്യാൻ ഇറങ്ങിയ ശുഭ്മാൻ ഗിൽ പതിവുപോലെ സാങ്കേതികമായി മിടുക്കനോ ശാന്തനോ ആയിരുന്നില്ല. പക്ഷേ ഇന്ത്യ മികച്ച രീതിയിൽ പോരാടി” വോൺ പറഞ്ഞു.
പരമ്പരയിൽ ഇംഗ്ലണ്ട് 2-1 ന് മുന്നിലാണ്, ജൂലൈ 23 മുതൽ മാഞ്ചസ്റ്ററിൽ നാലാം മത്സരം നടക്കും.
Discussion about this post