ഭാവിസുരക്ഷിതമാക്കാനായി നിക്ഷേപപദ്ധതികളെ ആശ്രയിക്കുന്നവരാണ് നമ്മളിൽ പലരും. വിപണിയാകട്ടെ മത്സരബുദ്ധിയോടെ ഒരുപാട് ഓഫറുകൾ നിരത്തി നിരവധി നിക്ഷേപ പദ്ധതികൾ നൽകുന്നു. ഉറപ്പായ വരുമാനം, സുരക്ഷ എന്നതിനപ്പുറം നിരവധി ആനുകൂല്യങ്ങളും ചെറുകിട നിക്ഷേപ പദ്ധതികൾ വാഗ്ദാനം ചെയ്യുന്നുണ്ട്. സ്ത്രീകളിലെ സാമ്പാദ്യ ശീലം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാർ ആവിഷ്‌ക്കരിച്ച നിക്ഷേപ പദ്ധതിയാണ് മഹിളാ സമ്മാൻ സേവിംഗ്‌സ് സർട്ടിഫിക്കറ്റ്. പദ്ധതിയുടെ വിശദാംശങ്ങൾ നോക്കാം.
1000 രൂപ മുതൽ രണ്ട് ലക്ഷം രൂപ വരെ നിക്ഷേപിക്കാൻ കഴിയുന്ന പദ്ധതിയാണിത്. പ്രതിവർഷം 7.5 ശതമാനമാണ് പലിശ ലങിക്കുക. അതായത് 25,000 രൂപ ഈ സ്‌കീമില് നിക്ഷേപിച്ചാൽ രണ്ട് വർഷം കഴിയുമ്പോൾ 4006 രൂപ പലിശ ലഭിക്കും. നിക്ഷേപം 50,000 ആണെങ്കിൽ 8011 രൂപയും ഒരു ലക്ഷം രൂപയാണെങ്കിൽ 16022 രൂപയും രണ്ട് ലക്ഷം രൂപയാണെങ്കിൽ 32044 രൂപയും ലഭിക്കും. ഈ പദ്ധതിയിൽ ചേരാനുള്ള അവസാന തിയതി 2025 മാർച്ച് 31 ആണ്. അടുത്തുള്ള പോസ്റ്റ് ഓഫീസ് വഴിയോ ബാങ്ക് വഴിയോ പദ്ധതിയിൽ ചേരാം. അതായത് എസ്ബിഐ, ബാങ്ക് ഓഫ് ബറോഡ, കാനറ ബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയിലെല്ലാം അക്കൗണ്ട് തുറക്കാൻ ആകും. എല്ലാ പ്രമുഖ സ്വകാര്യ ബാങ്കുകളിലും പദ്ധതിക്ക് കീഴിൽ അക്കൗണ്ട് തുറക്കാം.
പെൺകുട്ടികൾക്കും സ്ത്രീകൾക്കും മാത്രമാണ് ഈ പദ്ധതിയിൽ ചേരാൻ യോഗ്യത. ഏതു പ്രായത്തിലുള്ളവർക്കും ചേരാം. മൈനറാണ് പെൺകുട്ടി എങ്കിൽ കുട്ടിയുടെ പേരിൽ ഗാർഡിയന് പദ്ധതിയിൽ ചേരാം. നിക്ഷേപം ആരംഭിച്ച് 1 വർഷം പൂർത്തിയായാൽ 40 ശതമാനം തുക പിൻവലിക്കാൻ സാധിക്കും. കാലാവധിക്ക് മുൻപ് നിക്ഷേപം പിൻവലിച്ചാൽ പലിശ 2 ശതമാനം കുറച്ചാണ് അനുവദിക്കുക. അക്കൗണ്ട് ഉടമ മരണപ്പെട്ടാലോ ഗുരുതര രോഗം ബാധിച്ചാലോ രക്ഷിതാവിൻറെ മരണം എന്നീ ഘട്ടങ്ങളിൽ പിഴയില്ലാതെ നിക്ഷേപം പിൻവലിക്കാം. നിക്ഷേപം ആരംഭിച്ച് 6 മാസത്തിനകം പിഴയില്ലാതെ പണം പിൻവലിക്കാം. ആസാദി കാ അമൃത് മഹോത്സവത്തിന്റെ സ്മരണയ്ക്കായി ആരംഭിച്ച ഈ ഒറ്റത്തവണ ചെറുകിട സമ്പാദ്യ പദ്ധതി ഇതേടകം ശ്രദ്ധ നേടിക്കഴിഞ്ഞു.
Discussion about this post