മുകുന്ദ് ആരായിരുന്നു എന്നാണ് രാജ്യം കാണേണ്ടത്..എന്റെ കണ്ണീരല്ല..2015 ജനുവരി 26 ൽ കർത്തവ്യപഥിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതിയിൽ നിന്ന് ഭർത്താവിന് മരണാനന്തരബഹുമതിയായി അശോകചക്ര അഭിമാനത്തോടെ ഏറ്റുവാങ്ങുമ്പോൾ ഇന്ദു റെബേക്ക വർഗീസിന്റെ കണ്ണുകൾ കലങ്ങിയില്ല.ലോകം തന്റെ വൈധവ്യത്തെ പഴിക്കുന്നതിന് പകരം ഭർത്താവിന്റെ ത്യാഗത്തെ വാഴ്ത്തണമെന്നായിരുന്നു ഭീകരവിരുദ്ധപേരാട്ടത്തിനിടെ വീരമൃത്യുവരിച്ച മേജർ മുകുന്ദ് വരദരാജിന്റെ പ്രിയപത്‌നിയുടെ ആഗ്രഹം.
പത്തനംതിട്ട മാരാമൺ സ്വദേശിയും തിരുവനന്തപുരം പേരൂർക്കട കോലത്ത് ഹോസ്പിറ്റലിന്റെ ഡയറക്ടറുമായ ഡോ. ജോർജ് വർഗീസിന്റെയും അക്കാമയുടെയും ഇളയപുത്രിയായ ഇന്ദു, തമിഴ്‌നാട് സ്വദേശികളും ഇന്ത്യൻ ഓവർസീസ് ബാങ്ക് ഉദ്യോഗസ്ഥനുമായ വരദരാജന്റെയും ഗീതയുടെയും മകനായ മുകുന്ദ് വരദരാജിന്റെ നല്ലപാതിയായി മാറിയത് നിയോഗം തന്നെ. ബംഗളൂരുവിലെ ഡിഗ്രി പഠനത്തിന് ശേഷം മാസ് കമ്യൂണിക്കേഷനിൽ പിജി പഠിക്കാനാണ് 20004 ൽ ഇന്ദു മദ്രാസ് ക്രിസ്ത്യൻ കോളേജിൽ എത്തുന്നത്. ആ സമയം ജേണലിസത്തിൽ പിജി ഡിപ്ലോമ ചെയ്യാനായി മുകുന്ദും അതേ കോളേജിൽ എത്തിയിരുന്നു. കോഴിക്കോട് ജനിച്ച് തിരുവവന്തപുരത്ത് സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ മുകുന്ദ് കുടുംബം തമിഴ്‌നാട്ടിലേക്ക് ചേക്കേറിയപ്പോൾ ഒപ്പം ചേരുകയായിരുന്നു.
ആർമിക്കാരായ മുത്തച്ഛനെയും അമ്മാവനെയും കണ്ട് വളർന്ന മുകുന്ദിന് സൈനികനാവണം എന്ന് തന്നെയായിരുന്നു ആഗ്രഹം. പട്ടാളജോലിയിലെ ദുഷ്‌കരമായ എല്ലാ അവസ്ഥകളും കണ്ടും കേട്ടും പരിചയിച്ച മുകുന്ദിന്റെ മാതാവിന് മകൻ ആർമിക്കാരനാവുന്നതിനോട് യോജിപ്പേ ഇല്ലായിരുന്നു. എന്നാൽ കോളേജ് പഠനകാലത്ത് മുകുന്ദുമായി പ്രണയത്തിലായ ഇന്ദു അദ്ദേഹത്തിന്റെ സ്വപ്‌നത്തിനൊപ്പം പങ്കുചേർന്നു. പഠനം പൂർത്തിയാക്കിയ മുകുന്ദിനെ പിന്തുണയ്ക്കാനായി അവധി ദിവസങ്ങളിൽ ആർമി ട്രെയിനിംഗ് അക്കാദമിയ്ക്ക് മുന്നിൽ പോയി സന്ദർശിക്കാറുണ്ടായിരുന്നു ഇന്ദു. 2005 ൽ കമ്പയിൻഡ് ഡിഫെൻസ് സർവ്വീസ് കമ്മീഷൻ പരീക്ഷ പാസായ മുകുന്ദ്, 2006 ൽ ലെറ്റ്‌റനന്റ് പദവിയിലേക്ക് ഉയർന്ന് രജ്പുത് റെജിമെന്റിന്റെ ഭാഗമായി.
ആർമിയിൽ ഉന്നതപദവിയിലാണെങ്കിലും മുകുന്ദുമായുള്ള പ്രണയബന്ധത്തെ ഇന്ദുവിന്റെ വീട്ടുകാർ നഖശിഖാന്തം എതിർത്തു. വീട്ടിലെ ഇളയ കുട്ടി, രണ്ട് ചേട്ടൻമാരുടെ പൊന്നനിയത്തി, അന്യജാതി,അന്യനാട്.അന്യഭാഷ എന്നിങ്ങനെ ഒരുപാട് കാരണങ്ങൾ മുന്നിലുണ്ടെങ്കിലും മുകുന്ദ് പട്ടാളക്കാരനാണ് എന്നതായിരുന്നു ഇന്ദുവിന്റെ മാതാപിതാക്കളുടെ എതിർപ്പിന്റെ കാരണം. മുകുന്ദിന് എന്തെങ്കിലും സംഭവിച്ചാൽ മകൾ ഒറ്റയ്ക്കാവില്ലേ എന്ന സാധാരണ അച്ഛന്റെയും അമ്മയുടെയും ഭയം. എന്നാൽ മുകുന്ദിന്റെയും ഇന്ദുവിന്റെയും പ്രണയത്തിന് മുന്നിൽ തോറ്റ് കൊടുത്ത് 2009 ൽ അവർ വിവാഹത്തിന് സമ്മതം മൂളി. 2011 മാർച്ച് 11 ൽ മുകുന്ദിനും ഇന്ദുവിനും അവർ സ്വപ്‌നം കണ്ടത് പോലെ ഒരു പൊന്നോമന ജനിച്ചു. ആർഷിയ മുകുന്ദ്.
സൈനികസേവനം ജീവിതത്തിന്റെ ഭാഗമായി കണ്ട മുകുന്ദ് അതിനിടെ മദ്ധ്യപ്രദേശിലും യു.എൻ. മിഷന്റെ ഭാഗമായി ലെബനനിലും സേവനമനുഷ്ഠിച്ചു. 2012 ഡിസംബറിൽ കലാപവിരുദ്ധ സേവനങ്ങൾക്കായി വിന്യസിപ്പിച്ച 44-ാമത് രാഷ്ട്രീയ റൈഫിൾസ് ബറ്റാലിയന്റെ ഭാഗമായി മുകുന്ദിനെ കശ്മീരിലേക്കയച്ചു. ഭർത്താവിന്റെ സ്വപ്‌നങ്ങൾക്കൊത്ത് അടിപതറാതെ ഇന്ദുവും ദൂരെയിരുന്ന് അദ്ദേഹത്തിന്റെ രാജ്യസ്‌നേഹത്തിനൊപ്പം നിന്നു. 2014 ഏപ്രിൽ 25, അന്നായിരുന്നു ഇന്ദുവും ഇന്ത്യയും ഓർക്കാനിഷ്ടപ്പെടാത്ത സംഭവം ഉണ്ടായത്. ഏപ്രിൽ 24 ന് നടത്ത തിരഞ്ഞെടുപ്പിനിടെയുണ്ടായ ഭീകരാക്രമണത്തിന് ഉത്തരവാദികളായ ജെയ്ഷ മുഹമ്മദ് കമാൻഡർ അൽത്താഫ് വാനിയും ഖ്വാസിപത്രിയെന്ന ഗ്രാമത്തിൽ തമ്പടിച്ചിട്ടുണ്ടെന്ന വിവരം സൈന്യത്തിന് ലഭിച്ചു. ഭീകരാക്രമണത്തിന് ഉത്തരം നൽകുക എന്ന ലക്ഷ്യത്തോടെ മുകുന്ദ് വരദരാജ് ഉൾപ്പെട്ട സംഘം ഖ്വാസിപത്രിയിലെ രണ്ടുനില വീട്ടിലേക്ക് കുതിച്ചു. സൈന്യം നടത്തിയ പ്രത്യാക്രമണത്തിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു. എന്നാൽ ജെയ്ഷ മുഹമ്മദ് വളർത്തിക്കൊണ്ട് വരുന്ന അൽത്താഫ് ഗാനി അപ്പോഴും ജീവനോടെയുണ്ടെന്ന വിവരം സൈനികസംഘത്തെ തെല്ലൊന്ന് നിരാശരാക്കി. ഭീകരനേതാവിനെ നിലംപരിശാക്കുകയെന്ന ലക്ഷ്യത്തോടെ മുകുന്ദും സംഘാംഗമായ വിക്രം സിംഗും രണ്ട് നില വീടിന് സമീപത്തെ ഔട്ട്ഹൗസിലേക്ക് കുതിച്ചു. ഇതിനിടെ അപ്രതീക്ഷിതമായി എത്തിയ വെടിയുണ്ട വിക്രം സിംഗിനെ വീഴ്ത്തി. പ്രിയസുഹൃത്ത് രക്തത്തിൽ കുളിച്ച ദയനീയാവസ്ഥ നേരിൽ കണ്ടെങ്കിലും അടിപതറാതെ മുകുന്ദ് മുന്നോട്ട് കുതിച്ചു. അദ്ദേഹത്തിന്റെ എകെ 47 ന് മുന്നിൽ അൽത്താഫ് ഗാനി വീണു. ഓപ്പറേഷൻ വിജയകരമായി. മുകുന്ദ് ഔട്ട്ഹൗസിന് പുറത്തെത്തി. പെട്ടെന്ന് മുകുന്ദ് ബോധം മറഞ്ഞ് അദ്ദേഹം നിലത്തേക്ക് വീണു. ഏറ്റുമുട്ടലിൽ ഏതോ ഘട്ടത്തിൽ മുകുന്ദിനും വെടിയേറ്റിരുന്നുവത്രേ. പേരാട്ടത്തിനിടെ അദ്ദേഹം അത് അറിഞ്ഞില്ലെന്ന് മാത്രം. മൂന്നു വെടിയുണ്ടകൾ അദ്ദേഹത്തിന്റെ ദേഹത്ത് കണ്ടത്തി. സൈനികാശുപത്രിയിൽ എത്തിച്ചെങ്കിലും മേജർ മുകുന്ദ് വീരമൃത്യു അടഞ്ഞു.
പിറ്റേന്ന് പുലർച്ചെ, ബംഗളൂരുവിലെ ക്വാട്ടേഴ്‌സിൽ നിർത്താതെയുള്ള കോളിംഗ് ബെല്ലാണ് ഇന്ദുവിനെ ഉണർത്തിയത്. അവരുടെ രണ്ടാമത്തെ സഹോദരൻ ഡോ. വിജു ഡാനിയേലായിരുന്നു അത്. പ്രിയ സഹോദരിയെ രാത്രിമുഴുവൻ വിളിച്ചിട്ട് കിട്ടാതെ ആയപ്പോൾ വെല്ലൂരിൽ നിന്നും കാറോടിച്ച് എത്തിയതായിരുന്നു അദ്ദേഹം. വെളുപ്പാൻ കാലത്ത് ഒരു മുന്നറിയിപ്പുമില്ലാതെ സഹോദരൻ വീട്ടുപടിക്കലെത്തിയപ്പോഴേ ഇന്ദു അപകടം മണത്തു. അശുഭകരമായ എന്തോ വാർത്തയും കൊണ്ടാണ് സഹോദരനെത്തിയതെന്ന് ഇന്ദുവിന് മനസിലായി. തലേന്ന് വൈകുന്നേരവും സംസാരിച്ച ഭർത്താവിന് എന്തെങ്കിലും അപകടം പിണഞ്ഞുവോയെന്ന ഭയം അവളുടെ ഹൃദയത്തിൽ തികട്ടിവന്നു. വേദനയോടെ മുകുന്ദ് ഇനി ഈ ലോകത്തില്ലെന്ന സത്യം ഇന്ദുവിനോട് പറയാനെ വിജുവിന് കഴിഞ്ഞുള്ളൂ…ഒന്ന് ആർത്തലച്ച് കരയാൻപോലുമാകാതെ മൂന്ന് വയസുകാരി മകളെയും ചേർത്ത് പിടിച്ച് ഇന്ദുവിരുന്നു. മരണാനന്തരചടങ്ങിൽ പോലും കണ്ണീർ വാർക്കാതെ പട്ടാളക്കാരന്റെ ഭാര്യയായി ഇന്ദു ഇരുന്നു. നീ മേജർ മുകുന്ദിന്റെ പത്‌നിയാണ് തളരുത്,കരയരുത്..ധീരതയോടെ എന്തിനെയും നേരിടണമെന്ന മുകുന്ദിന്റെ വാക്കുകൾ അവൾക്ക് ശക്തിയായി.
2015 ൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും വിശിഷ്ടാതിഥിയായി എത്തിയ അമേരിക്കൻ പ്രസിഡന്റ് ബറാക്ക് ഒബാമവും സന്നിഹിതരായ റിപ്പബ്ലിക് ദിനാഘോഷത്തിന് ശേഷം രാഷ്ട്രപതി പ്രണബ് മുഖർജിയിൽ നിന്ന് ഇന്ദു മുകുന്ദ് തന്റെ ഭർത്താവിന്റെ പേര് പതിഞ്ഞ അശോകചക്രയേറ്റ് വാങ്ങി. മുകുന്ദിന്റെ മരണശേഷം ഇന്ദു 2014 മുതൽ 2017 വരെ ബെംഗളൂരുവിലെ ആർമി സ്‌കൂളിൽ അദ്ധ്യാപികയായി ജോലി ചെയ്തു. 2017-ൽ ഉപരിപഠനത്തിനായി ഓസ്‌ട്രേലിയയിൽ പോയി. മകൾക്കൊപ്പം കുറച്ചുകാലം അവിടെ കഴിഞ്ഞു. പിന്നീട് നാട്ടിൽ തിരിച്ചെത്തിയ ശേഷം തിരുവനന്തപുരത്തെ ഒരു സ്‌കൂളിൽ അദ്ധ്യാപികയായി ജോലി നോക്കുകയാണ്.
അതേസമയം മുകുന്ദിന്റെ ജീവിതം പ്രമേയമാക്കി രാജ്കുമാർ പെരിയസ്വാമി സംവിധാനം ചെയ്ത അമരൻ തിയേറ്ററുകളിൽ ഗംഭീര കലക്ഷൻ നേടി കുതിക്കുകയാണ്. മേജർ മുകുന്ദായി ശിവകാർത്തികേയനും ഇന്ദുവായി സായിപല്ലവിയുമാണ് എത്തിയികിക്കുന്നത്. ഇന്ദുവിന്റെയും മുകുന്ദിന്റെയും ബന്ധത്തിന്റെ തീവ്രതയും ആഴവും ചിത്രത്തിൽ വരച്ചുകാണിക്കുന്നു. ചിത്രം കണ്ടിറങ്ങുന്നവരാരും മേജർ മുകുന്ദിനും കടലിനും ആകാശത്തിനും ഇടയിലുള്ള അകലത്തിരുന്ന് അദ്ദേഹത്തെ ഇപ്പോഴും പ്രണയിക്കുന്ന ഇന്ദുവിനും ഹൃദയത്തിൽ നിന്നൊരു സല്യൂട്ട് കൊടുക്കാതെ മടങ്ങില്ല.
Discussion about this post