തൃശ്ശൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ വിദഗ്ദ്ധ പരിശോധനയ്ക്കായി തിരുവനന്തപുരത്തെ ശ്രീചിത്തിര മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകവെ ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു.
തൃശ്ശൂര്‍ അമല ആശുപത്രിയ്ക്ക് സമീപത്തു വെച്ച് ആംബുലന്‍സ് റോഡിലെ ഡിവൈഡറില്‍ ഇടിച്ചുകയറി. വാഹനത്തിന്റെ ടയറുകള്‍ പൊട്ടി. ഇതോടെ ജയരാജനെ അമല മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന് കാര്യമായ പരിക്കില്ല.
എന്നാല്‍, ആരോഗ്യസ്ഥിതി 24 മണിക്കൂര്‍ നിരീക്ഷിച്ചശേഷം തിരുവനന്തപുരത്തേക്ക് കൊണ്ടുപോയാല്‍ മതിയെന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം. ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടകാരണമെന്നാണ് സൂചന.
സുരക്ഷ കണക്കിലെടുത്താണ് രാത്രി അദ്ദേഹത്തെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത്. കോഴിക്കോടുനിന്ന് രാത്രി വൈകിയാണ് അദ്ദേഹവുമായി ആംബുലന്‍സ് തിരുവനന്തപുരത്തേക്ക് തിരിച്ചത്.
ജയരാജന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് വിദഗ്ദ്ധ അഭിപ്രായംകൂടി ആരായണമെന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ വിദഗ്ദ്ധ ഡോക്ടര്‍മാര്‍ ശുപാര്‍ശ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ തിരുവനന്തപുരം ശ്രീചിത്രാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്.
Discussion about this post