കോഴിക്കോട്: അടിവാരത്ത് കളിക്കുകയായിരുന്ന കുട്ടിയുടെ തലയിൽ കലം കുടുങ്ങി. കൂളമടത്ത് പുളിക്കൽ ജംഷീദിന്റെ മകൾ രണ്ടര വയസ്സുരകാരി അസാ സഹറയുടെ തലയിലാണ് കലം കുടുങ്ങിയത്. അഗ്നിശമന സേനാംഗങ്ങൾ എത്തി കുട്ടിയുടെ തലയിൽ നിന്നും കലം ഊരിമാറ്റി.
അടുക്കളയിൽ കളിക്കുന്നതിനിടെ ആയിരുന്നു സംഭവം. അബദ്ധത്തിൽ കുട്ടിയുടെ തല കലത്തിൽ കുടുങ്ങുകയായിരുന്നു. വീട്ടുകാർ ചേർന്ന് തലയിൽ നിന്നും കലം അഴിച്ചെടുക്കാൻ ശ്രമിച്ചു. എന്നാൽ ശ്രമങ്ങൾ ഫലം കാണാതിരുന്നതോടെ ഫയർഫോഴ്‌സിനെ വിവരം അറിയിക്കുകയായിരുന്നു.
സ്‌റ്റേഷൻ ഓഫീസർ എം. അബ്ദുൾ ഗഫൂറിന്റെ നേതൃത്വത്തിലുള്ള സേനാംഗങ്ങൾ ആയിരുന്നു എത്തിയത്. ഷിയേഴ്‌സ്, കട്ടർ എന്നിവ ഉപയോഗിച്ച് അതി സൂക്ഷ്മമായി കലം മുറിച്ച് തല പുറത്ത് എടുക്കുകയായിരുന്നു. കുഞ്ഞിന് പരിക്കേൽക്കാതെ തല പുറത്തെടുത്തതോടെ രക്ഷിതാക്കൾക്ക് ആശ്വാസമായി.
സീനിയർ ഫയർ ഓഫീസർ എൻ രാജേഷ്, സേനാംഗങ്ങളായ പി.ടി. ശ്രീജേഷ്, എം.സി. സജിത്ത് ലാൽ, എ. എസ്. പ്രദീപ്, വി. സലീം, പി. നിയാസ്, വൈ.പി. ഷറഫുദ്ധീൻ എന്നിവർ ചേർന്നാണ് കലം മുറിച്ചുമാറ്റി രക്ഷാപ്രവർത്തനം നടത്തിയത്.
Discussion about this post