കോട്ടയം: കേരളാ കോണ്‍ഗ്രസ് എമ്മില്‍ കെഎം മാണിയും ജോസഫും തമ്മിലുള്ള ഭിന്നത കടുക്കുന്നു. കെഎം മാണിയുമായി ഒത്തു പോകാന്‍ കഴിയാത്തതിനാല്‍ ഘടകകക്ഷിയായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് പിജെ ജോസഫ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കണ്ടു.
ജോസഫ് ഗ്രൂപ്പിലെ പിളര്‍പ്പൊഴിവാക്കാനുള്ള അവസാന ശ്രമമെന്ന നിലയില്‍ കൂടിയാണ് പിജെ ജോസഫിന്റെ നീക്കം. ഒത്തുപോകാനാകാത്ത വിധം മാണിയുമായി അകന്നെന്നും മൂന്ന് എംഎല്‍എമാരുള്ളതിനാല്‍ പ്രത്യേക ഘടകക്ഷിയായി പരിഗണിക്കണമെന്നുമാണ് പിജെ ജോസഫിന്റെ ആവശ്യം.
കഴിഞ്ഞ കുറച്ചു നാളുകളായി മാണിയും ജോസഫും തമ്മിൽ അത്ര രസത്തിലല്ല. മാണി ഒറ്റയ്ക്ക് തീരുമാനങ്ങൾ എടുക്കുന്നതിനോട് ജോസഫ് വിഭാഗത്തിനുള്ള വിയോജിപ്പാണ് ഇരുകൂട്ടരും തമ്മിലുള്ള അസ്വാരസ്യങ്ങൾക്ക് കാരണം.
ഡൽഹിയിൽ കെ.എം. മാണിയുടെ നേതൃത്വത്തിൽ നടക്കുന്ന ധർണയിൽ ജോസഫ് വിഭാഗം പങ്കെടുക്കുന്നില്ല. നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് വിഭജനം സംബന്ധിച്ച് ഇരുവിഭാഗവും തമ്മിൽ തർക്കം ഉടലെടുത്തിരുന്നു.
പാര്‍ട്ടിക്കകത്തോ മുന്നണിക്കകത്തോ അര്‍ഹമായ പ്രാതിനിധ്യം കിട്ടുന്നില്ലെന്ന പരാതി യുഡിഎഫ് നേതാക്കളുമായി നടത്തിയ അനൗപചാരിക ചര്‍ച്ചയിലും ജോസഫ് വിഭാഗം ഉന്നയിച്ചിട്ടുണ്ട്. മാത്രമല്ല ജോസഫ് ഗ്രൂപ്പ് പുനരുജ്ജീവിപ്പിച്ചില്ലെങ്കില്‍ അസംതൃപ്തരായ വലിയൊരു വിഭാഗത്തെ പിടിച്ച് നിര്‍ത്താനാകില്ലെന്നും ഇത് മുന്നണിക്ക് തിരിച്ചടിയാകുമെന്നുമാണ് പിജെ ജോസഫിന്റെ നിലപാട്.
അതേ സമയം മുഖ്യമന്ത്രിയെ കണ്ടെന്ന വാര്‍ത്ത പി.ജെ. ജോസഫ് നിഷേധിച്ചു. കെ.എം മാണിയെ ഫോണില്‍ വിളിച്ച ജോസഫ് മുഖ്യമന്ത്രിയോട് പരാതി പറഞ്ഞിട്ടില്ലെന്ന് അറിയിച്ചു.
Discussion about this post