കൊച്ചി: എസ്.എന്‍.സി ലാവലിന്‍ അഴിമതിക്കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. സി.പി.എം പി.ബി അംഗം പിണറായി വിജയന് ഉള്‍പ്പടെ കേസിലെ പ്രതികളെയെല്ലാം കുറ്റവിമുക്തരാക്കി കുറ്റപത്രം തന്നെ റദ്ദാക്കിയ സി.ബി.ഐ പ്രത്യേക കോടതി ഉത്തരവിനെതിരെ സി.ബി.ഐയും ക്രൈം നന്ദകുമാറുമാണ് ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് പി ഉബൈദിന്റെ ബഞ്ചാണ് ഹര്‍ജി പരിഗണിക്കുക.
സി.ബി.ഐ സമര്‍പ്പിച്ച ഹര്‍ജി രണ്ട് വര്‍ഷമായി പരിഗണിക്കാത്തത് ഉന്നയിച്ച് എത്രയും വേഗം ഹര്‍ജി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞമാസം ഉപഹര്‍ജി സമര്‍പ്പിച്ചതോടെയാണ് ലാവലിന്‍ വീണ്ടും ചര്‍ച്ചയായത്.
സര്‍ക്കാരിന്റെ ഹര്‍ജി അംഗീകരിച്ച ഹൈക്കോടതി കേസ് കഴിവതും വേഗം പരിഗണിക്കുമെന്ന് അഭിപ്രായപ്പെട്ടു. വാദം കേട്ട ജസ്റ്റിസ് ഉബൈദിന്റെ ബഞ്ച് ലാവലിന്‍ കേസിലെ പ്രതികളെ വിചാരണ പോലും കൂടാതെ കുറ്റവിമുക്തരാക്കിയ നടപടി സംശയകരമാണെന്നും അഭിപ്രായപ്പെട്ടിരുന്നു. പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ മുന്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി കെ.എം ഷാജഹാനും റിവിഷന്‍ ഹര്‍ജി നല്‍കിയിരുന്നു.
Discussion about this post