തിരുവനന്തപുരം: പുതിയ വൈദ്യുതി കണക്ഷൻ ഉൾപ്പെടെയുള്ള നിരവധി കാര്യങ്ങളിൽ സുപ്രധാന മാറ്റങ്ങളുമായി വൈദ്യുതി വകുപ്പ്. അപേക്ഷകളക്കമുള്ള പല കാര്യങ്ങളും ഇന്ന് മുതൽ ഓണ്‍ലൈനിലൂടെ മാത്രമാകും സാധ്യമാകുക. വൈദ്യുതി കണക്ഷൻ ഉൾപ്പെടെയുള്ള സേവനങ്ങൾ ലഭ്യമാകുന്നതിൽ ചിലപ്പോഴെങ്കിലും കാലതാമസമുണ്ടാകുന്നു എന്ന ഉപഭോക്താക്കളുടെ പരാതി പരിഗണിച്ച് അപേക്ഷകൾ പൂർണ്ണമായും ഓൺലൈനാക്കാൻ തീരുമാനിച്ചതെന്ന് കെ എസ് ഇ ബി നേരത്തെ തന്നെ അറിയിച്ചിരുന്നു.
പുതിയ കണക്ഷനും മറ്റ് സേവനങ്ങൾക്കുമുള്ള ആപ്ലിക്കേഷനുകൾ ഇന്ന് മുതൽ ഓൺലൈനായി മാത്രമായിരിക്കും സ്വീകരിക്കുകയെന്നാണ് അറിയിപ്പ്. സെക്ഷൻ ഓഫീസിൽ നേരിട്ടുള്ള പേപ്പർ അപേക്ഷകൾ പൂർണ്ണമായും ഒഴിവാക്കും. ആദ്യം അപേക്ഷിക്കുന്നവർക്ക് ആദ്യം സേവനം എന്ന നിലയിൽ മാത്രം അപേക്ഷകൾ പരിഗണിക്കുന്നു എന്ന് ഉറപ്പാക്കുമെന്നും കെ എസ് ഇ ബി വ്യക്തമാക്കിയിട്ടുണ്ട്.
അപേക്ഷാ ഫോം കെ എസ് ഇ ബിയുടെ ഉപഭോക്തൃ സേവന വെബ് സൈറ്റായ WSS.KSEB.IN ൽ മലയാളത്തിലും ഇംഗ്ലീഷിലും ലഭ്യമാക്കും. അതെ സമയം അപേക്ഷയുടെ പുരോഗതി ട്രാക്ക് ചെയ്യുവാനും ഇനി മുതൽ ഉപഭോക്താവിന് കഴിയും. ഡിസംബർ 1 മുതൽ പേപ്പർ അപേക്ഷകൾ ഒഴിവാക്കുന്നതോടെ ഇതറിയാതെ കെ എസ് ഇ ബി ഓഫീസിൽ എത്തുന്ന സാധാരണക്കാർ കുഴങ്ങാൻ സാധ്യതയുള്ളതിനാലാണ് കെ എസ് ഇ ബി ഈ അറിയിപ്പുകൾ പുറത്ത് വിടുന്നത്.
Discussion about this post