കണ്ണൂർ: വളപട്ടണത്തെ വൻ കവർച്ച കേസിലെ പ്രതി കസ്റ്റഡിയിൽ. അയൽവാസിയായ ലിജീഷ് ആണ് പിടിയിലായത്. മോഷണം നടന്ന് പത്ത് ദിവസത്തിനു ശേഷമാണ് പ്രതി പിടിയിലായത്. അരി വ്യാപാരിയായ അഷ്‌റഫിന്റെ വീട്ടിൽ നിന്നാണ് ഒരു കോടി രൂപയും മൂന്നൂറ് പവനും മോഷണം പോയത്. അഷ്‌റഫും കുടുംബവും യാത്ര പോയിരുന്ന സമയത്താണ് വീട്ടിൽ കവർച്ച നടന്നത്.
കഴിഞ്ഞ മാസം 20നായിരുന്നു സംഭവം. ജനലിന്റെ ഗ്രിൽ ഇളക്കിമാറ്റി അകത്തുകടന്ന് കിടപ്പുമുറിയിലെ ലോക്കറിൽ സൂക്ഷിച്ച പണവും ആഭരണങ്ങളുമാണു കവർന്നത്. കുടുംബവുമായി അടുത്ത ബന്ധമുള്ള ആളാണ് മോഷണത്തിന് പിന്നിലെന്ന് പോലീസിന് നേരത്തെ സംശയം ഉണ്ടായിരുന്നു. കവർച്ച നടത്തി തൊട്ടടുത്ത ദിവസവും കള്ളൻ ഇതേവീട്ടിൽ കയറിയതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. ഇത് കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
സുഹൃത്തുക്കളുടെ ഉൾപ്പെടെ ഫോൺ കോളുകൾ പരിശോധിച്ച ശേഷമാണ് പോലീസ് പ്രതിയായ ലിജീഷിലേക്കെത്തുന്നത്. ഇയാളുടെ ഫോൺ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മോഷണം നടന്ന ദിവസവും തലേന്നും ലിജീഷ് അഷ്റഫിന്റെ വീട്ടിലെത്തിയിരുന്നു. വിശദമായ ചോദ്യം ചെയ്യലിൽ കവർച്ച നടത്തിയത് താൻ തന്നെയെന്ന് ഇയാൾ പോലീസിനോട് സമ്മതിക്കുകയായിരുന്നു.
Discussion about this post