ന്യൂഡൽഹി: ആരോഗ്യരംഗത്ത് വമ്പൻ കുതിച്ചുചാട്ടവുമായി ഇന്ത്യ.മയക്കുമരുന്ന് പ്രതിരോധശേഷിയുള്ള അണുബാധകൾക്കുള്ള ആദ്യ തദ്ദേശീയ ആന്റിബയോട്ടിക് ഇന്ത്യ പുറത്തിറക്കി. ‘നാഫിത്രോമൈസിൻ’ എന്നറിയപ്പെടുന്ന ഈ മരുന്ന് ബയോടെക്നോളജി ഇൻഡസ്ട്രി റിസർച്ച് അസിസ്റ്റൻസ് കൗൺസിലിലെ (BIRAC) ഗവേഷകരാണ് വികസിപ്പിച്ചെടുത്തത്.
കമ്മ്യൂണിറ്റി-അക്വയേർഡ് ബാക്ടീരിയൽ ന്യുമോണിയ (സിഎബിപി) ചികിത്സയിൽ ഉപയോഗിക്കുന്ന നാഫിത്രോമൈസിൻ , മുംബൈ ആസ്ഥാനമായുള്ള ഫാർമസ്യൂട്ടിക്കൽ കമ്പനിയായ വോൾകാർഡ് വിതരണം ചെയ്യുന്ന ‘മിക്‌നാഫ്’ എന്ന ബ്രാൻഡിൽ ഉടൻ വിപണിയിൽ ലഭ്യമാകും. മരുന്നിനോട് പ്രതിരോധശേഷിയുള്ള ന്യുമോണിയയെ ചെറുക്കാൻ മൂന്ന് തവണ മാത്രം കഴിച്ചാൽ പത്ത് ഇരട്ടി ഫലപ്രാപ്തി നൽകുന്ന പുതിയ ആൻറിബയോട്ടികാണിത്.
മരുന്നു പ്രതിരോധശേഷിയുള്ള ബാക്ടീരിയകൾ മൂലമുണ്ടാകുന്ന ഗുരുതരമായ അസുഖമായ കമ്മ്യൂണിറ്റി-അക്വയേർഡ് ബാക്റ്റീരിയൽ ന്യുമോണിയ (CABP) ചികിത്സിക്കാൻ ഈ മരുന്ന് രൂപകൽപ്പന ചെയ്തിരിക്കുന്നു. പ്രത്യേകിച്ച് കുട്ടികൾ, മുതിർന്നവർ, പ്രമേഹ രോഗികൾ, കാൻസർ രോഗികൾ തുടങ്ങിയ പ്രതിരോധശേഷി കുറഞ്ഞവരെയാണ് ഈ രോഗം കൂടുതലായി ബാധിക്കുന്നത്.
നാഫിത്തോമൈസിന്റെ മൂന്ന് ദിവസത്തെ ചികിത്സാ രീതി, വർഷംതോറും ലോകമെമ്പാടും രണ്ട് ദശലക്ഷത്തിലധികം മരണങ്ങൾക്ക് കാരണമാകുന്ന മരുന്നു പ്രതിരോധശേഷിയുള്ള ന്യുമോണിയയെ നേരിടുന്നതിൽ ഒരു ഗെയിം-ചേഞ്ചറാണെന്ന് കേന്ദ്രമന്ത്രി വിശദീകരിച്ചു. ബയോടെക്‌നോളജി ഇൻഡസ്ട്രി റിസർച്ച് അസിസ്റ്റൻസ് കൗൺസിലിന്റെ പിന്തുണയോടെ വോക്ഹാർഡ് വികസിപ്പിച്ച പുതിയ ആൻറിബയോട്ടിക്, നിലവിലുള്ള ഓപ്ഷനുകളേക്കാൾ പത്ത് ഇരട്ടി കൂടുതൽ ഫലപ്രദമാണ്.
ശരീരത്തിനും പരിസ്ഥിതിക്കും ഹാനികരമായ ബാക്ടീരിയ, വൈറസ്, ഫംഗസ്, പരാന്നഭോജികൾ എന്നീ സൂക്ഷ്മാണുക്കളെ നശിപ്പിക്കാൻ ഉപയോഗിക്കുന്ന മരുന്നുകളാണ് ആന്റി മൈക്രോബിയലുകൾ. ഇവയിൽ ആൻറിബയോട്ടിക്, ആൻറിവൈറൽ, ആൻറിഫംഗൽ എന്നിവ ഉൾപ്പെടുന്നു. എന്നാൽ, ഈ മരുന്നുകൾ അനാവശ്യമായി ഉപയോഗിക്കുമ്പോൾ സൂക്ഷ്മാണുക്കൾക്ക് ഇവയോട് പ്രതിരോധം വികസിക്കാനുള്ള സാധ്യതയുണ്ട്. ഇതിനെയാണ് ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് എന്നു പറയുന്നത്. എഎംആർ കാരണം ആന്റി മൈക്രോബിയൽ മരുന്നുകൾ ഫലപ്രദമാകാതെ വരുകയും ചെറിയ അണുബാധ പോലും ജീവനെ ഭീഷണിപ്പെടുത്തുന്ന അവസ്ഥയിലേക്ക് നയിക്കുകയും ചെയ്യുന്നു. ഇത് സാധാരണ അണുബാധകളെ പോലും ചികിത്സിക്കാൻ പ്രയാസമാക്കുകയും മരണത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. ഇവിടെയാണ് ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച മരുന്നിന്റെ പ്രധാന്യം. ഇത് ആന്റി മൈക്രോബിയൽ റസിസ്റ്റൻസിനെതിരായ ഇന്ത്യയുടെ പോരാട്ടത്തിൽ ഒരു പ്രധാന നാഴികക്കല്ലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Discussion about this post