ഫുഡ് ഡെലിവറി ആപ്പായ സ്വിഗ്ഗിയുടെ അതിവേഗ ഭക്ഷണ ഡെലിവറി സേവനമായ ബോള്‍ട്ട് ഇനി കൊച്ചി അടക്കമുള്ള ഇന്ത്യയിലെ 400 നഗരങ്ങളില്‍ ലഭ്യമാകും. ബോള്‍ട്ട് സര്‍വീസ് വഴി ഓര്‍ഡര്‍ ചെയ്യുകയാണെങ്കില്‍ 10 മിനിറ്റിനുള്ളില്‍ ആഹാരം ഉപഭോക്താവിന്റെ കൈകളിലെത്തും എന്നതാണ് ഇതിന്റെ പ്രത്യേകത.
ഒക്ടോബറില്‍ തുടങ്ങിയ ബോള്‍ട്ട് സേവനം ആദ്യഘട്ടത്തില്‍ ബാംഗ്ലൂര്‍, ചെന്നൈ, ഹൈദരാബാദ്, ന്യൂഡല്‍ഹി, മുംബൈ, പൂനെ തുടങ്ങിയ വന്‍ നഗരങ്ങളിലായിരുന്നു ലഭ്യമായിരുന്നത്.എന്നാല്‍ ഇപ്പോള്‍ ജയ്പൂര്‍, ലഖ്‌നൌ, അഹമ്മദാബാദ്, ഇന്‍ഡോര്‍, കോയമ്പത്തൂര്‍, കൊച്ചി തുടങ്ങിയ നഗരങ്ങളിലേക്കും ബോള്‍ട്ട് സര്‍വീസ് വ്യാപിപ്പിച്ചിട്ടുണ്ടെന്ന് സ്വിഗ്ഗി പ്രസ്താവനയില്‍ അറിയിച്ചു.
ടയര്‍ 2, ടയര്‍ 3 നഗരങ്ങളായ റുര്‍ക്കി, ഗുണ്ടൂര്‍, വാറങ്കല്‍, സോളന്‍, നാസിക്, ഷില്ലോങ് എന്നിവിടങ്ങളിലേക്കും 10 മിനിട്ട് ഫുഡ് ഡെലിവറി സേവനം സ്വിഗി വിപുലീകരിച്ചിട്ടുണ്ട്. ആന്ധ്രാപ്രദേശിലും തെലങ്കാനയിലുമാണ് ബോള്‍ട്ട് സര്‍വീസിന് ആവശ്യക്കാരേറെ.
ബര്‍ഗര്‍, ചായ കാപ്പി, ശീതള പാനീയങ്ങള്‍, പ്രഭാത ഭക്ഷണം എന്നിവ ബോള്‍ട്ട് സേവനം ഉപയോഗിച്ച് ഓര്‍ഡര്‍ ചെയ്യാന്‍ കഴിയും. തയ്യാറാക്കാന്‍ വളരെ കുറച്ച് സമയം മാത്രം ആവശ്യമുള്ള ഭക്ഷണപദാര്‍ത്ഥങ്ങളാണ് ബോള്‍ട്ട് സര്‍വീസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഐസ്‌ക്രീം, മധുര പലഹാരങ്ങള്‍, ലഘു ഭക്ഷണം എന്നിവയും ബോള്‍ട്ട് വഴി ഓര്‍ഡര്‍ ചെയ്യാം .
എന്നാല്‍ ഉപഭോക്താക്കള്‍ അവരുടെ രണ്ട് കിലോമീറ്റര്‍ പരിധിയിലുള്ള ഭക്ഷണശാലകളില്‍ നിന്ന് വേണം ഭക്ഷണം ബോള്‍ട്ട് സര്‍വീസ് വഴി ഓര്‍ഡര്‍ ചെയ്യാന്‍. സൊമാറ്റോ പത്തു മിനിറ്റിനുള്ളില്‍ ഭക്ഷണം എത്തിക്കുന്ന സേവനം പരീക്ഷിച്ചിരുന്നു. എന്നാല്‍ പിന്നീട് ഇതു നിര്‍ത്തുകയായിരുന്നു.
Discussion about this post