യക്കൂട്ടിയ: ജ്യോതിശാസ്ത്രജ്ഞരുടെ പ്രവചനം പോലെ തന്നെ ഭൂമിക്ക് അടുത്തേക്ക് പാഞ്ഞടുത്ത കുഞ്ഞന്‍ ഛിന്നഗ്രഹം റഷ്യക്ക് മുകളില്‍ വച്ച് തീഗോളമായി മാറി. റഷ്യയുടെ വിദൂരഭാഗത്തുള്ള യക്കൂട്ടിയ പ്രദേശത്തിന് മുകളില്‍ വച്ചാണ് ഛിന്നഗ്രഹം കത്തി ഇല്ലാതായത്. 70 സെന്‍റീമീറ്റര്‍ മാത്രം വ്യാസമുള്ള കുഞ്ഞന്‍ ഛിന്നഗ്രഹം ആണ് കത്തി ചാമ്പലായത്.
ഭൂമിക്ക് അടുത്തേക്ക് ഛിന്നഗ്രഹം എത്തുന്നുവെന്നും സൈബീരിയക്ക് മുകളില്‍ വച്ച് കത്തിജ്വലിക്കുമെന്നും യൂറോപ്യന്‍ സ്പേസ് ഏജന്‍സി ഇന്നലെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഏഴ് മണിക്കൂറിനുള്ളില്‍ ഉല്‍ക്ക പൊട്ടിത്തെറിക്കും എന്നായിരുന്നു മുന്നറിയിപ്പ്. കൃത്യം സമയം ഉള്‍പ്പെടെയായിരുന്നു ഇഎസ്എയുടെ പ്രവചനം.
ഇഎസ്എയുടെ മുന്നറിയിപ്പിനെ തുടര്‍ന്ന്, റഷ്യന്‍ പ്രദേശങ്ങളില്‍ അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. പ്രവചനം പോലെ തന്നെ ഇന്ന് പുലര്‍ച്ചെ ഉല്‍ക്ക തീഗോളമായി മാറുന്നത് ആകാശത്ത് ദൃശ്യമായി. നേരത്തെ തന്നെ മുന്നറിയിപ്പ് കിട്ടിയിരുന്നതിനാൽ ഈ പ്രതിഭാസത്തിന്‍റെ വീഡിയോ പകര്‍ത്താന്‍ നിരവധി പേര്‍ക്ക് കഴിഞ്ഞു.
ഉല്‍ക്ക വീണ് നാശനഷ്ടങ്ങള്‍ സംഭവിക്കാതിരിക്കാന്‍ എല്ലാ മുന്നൊരുക്കങ്ങളും പ്രദേശത്ത് നടത്തിയിരുന്നു. കത്തിയമര്‍ന്ന ഉല്‍ക്കയുടെ ഏതെങ്കിലും ഒരു ഭാഗം ഭൂമിയില്‍ പതിച്ചതായി ഇതുവരെ റിപ്പോര്‍ട്ട് ഒന്നും ലഭിച്ചിട്ടില്ല.
Discussion about this post