ലഖ്‌നൗ : സ്ലീപ്പർ ബസ് ടാങ്കർ ലോറിയുമായി കൂട്ടിയിടിച്ച് അപകടം. ലഖ്‌നൗ-ആഗ്ര എക്‌സ്പ്രസ് വേയിൽ ആണ് അപകടം നടന്നത്. സംഭവത്തിൽ എട്ടുപേർ മരിച്ചു. 19 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ലഖ്‌നൗവിൽ നിന്നുള്ള യാത്രക്കാരുമായി ഡൽഹിയിലേക്ക് പോവുകയായിരുന്ന ഡബിൾ ഡക്കർ സ്ലീപ്പർ ബസ് ആണ് അപകടത്തിൽപ്പെട്ടത്.
ഉത്തർപ്രദേശിലെ കനൗജ് ഏരിയയ്ക്ക് സമീപം എക്‌സ്പ്രസ് വേയിൽ വെച്ച് സ്ലീപ്പർ ബസ് യുപിഡിഎ വാട്ടർ ടാങ്കറുമായി കൂട്ടിയിടിച്ച് മറിഞ്ഞ് കുഴിയിൽ വീണാണ് അപകടമുണ്ടായത്. അപകടത്തിൽ 8 യാത്രക്കാർ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. പരിക്കേറ്റവരെ ഉടൻതന്നെ സൈഫായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിച്ചു.
അപകടസമയത്ത് അതുവഴി പോകുകയായിരുന്ന ഉത്തർപ്രദേശ് ജലവൈദ്യുത മന്ത്രി സ്വതന്ത്ര ദേവ് സിങ് വാഹനം നിർത്തി രക്ഷാപ്രവർത്തനത്തിന് മുൻകൈ എടുത്തത് രക്ഷാപ്രവർത്തനം വേഗത്തിലാകാൻ സഹായിച്ചു . അദ്ദേഹം ഉടൻ ഡിഎംഎസ്പിയെ വിളിച്ച് അപകടവിവരം അറിയിച്ചതോടെ പോലീസ് സംഘവും ഉടൻ സ്ഥലത്തെത്തി. ഡൽഹിയിലെ രാജ് കൽപന ട്രാവൽസിന്റേതാണ് അപകടത്തിൽപ്പെട്ട ബസ്.
Discussion about this post