ഐഎസ്എല്ലിൽ ഇന്ന് സതേൺ ഡെർബി. ലീഗിലെ ചിരവൈരികളായ കേരള ബ്ലാസ്റ്റേഴ്‌സ് ബംഗളൂരു എഫ്സിയുമായി ഏറ്റുമുട്ടും. ബംഗളൂരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിലാണ് പോരാട്ടം. സീസണിൽ ഇതുവരെ കളിച്ച പത്ത് ഐഎസ്എൽ മത്സരങ്ങളിൽ അഞ്ചിലും പരാജയപ്പെട്ട കേരള ബ്ലാസ്റ്റേഴ്‌സ് പോയിന്റ് ടേബിളിൽ പത്താം സ്ഥാനത്താണ്. ബംഗളൂരു എഫ്സിയാകട്ടെ പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തും.
ഒക്ടോബർ 25ന് കൊച്ചിയിൽ അരങ്ങേറിയ ആദ്യ ലെഗ്ഗിൽ ബ്ലാസ്റ്റേഴ്‌സ് 3-1ന് ബംഗളൂരുവിനോട് തോൽവി വഴങ്ങിയിരുന്നു. ആദ്യ ലെഗ്ഗിലെ തോൽവിക്ക് ഇന്ന് കണക്കു തീർക്കാനുള്ള അവസരമാണ് ബ്ലാസ്റ്റേഴ്‌സിന് കൈവന്നിരിക്കുന്നത്. കൊച്ചിയിലെ പോരാട്ടത്തിൽ മികച്ച അറ്റാക്കിംഗ് ഫുട്ബോളാണ് ബ്ലാസ്റ്റേഴ്‌സ് കാഴ്ചവെച്ചത്. എന്നാൽ, പ്രതിരോധത്തിലെ പിഴവുകൾ കാരണം തോൽവി വഴങ്ങുകയായിരുന്നു.
മികച്ച അറ്റാക്കിംഗ് നിരയുണ്ടെങ്കിലും ഡിഫൻസിന്റെ സ്ഥിരതയില്ലായ്മയാണ് ബ്ലാസ്റ്റേഴ്‌സിന് വിനയാകുന്നത്. എഫ്സി ഗോവക്കെതിരായ കഴിഞ്ഞ ഐഎസ്എൽ മത്സരത്തിൽ ഗോൾ കീപ്പർ സച്ചിൻ സുരേഷിന്റെ പിഴവിൽ നിന്ന് സംഭവിച്ച ഏക ഗോളിലാണ് മഞ്ഞപ്പട തോൽവി വഴങ്ങിയത്. കരുത്തരായ ബംഗളൂരുവിനെതിരെ പിഴവുകൾ ഒഴിവാക്കി പ്രതിരോധം ശക്തമാക്കി കളിച്ചാൽ ബ്ലാസ്റ്റേഴ്‌സിന് മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്നത്തെ മത്സരം ബ്ലാസ്റ്റേഴ്‌സ് കോച്ച് മിഖായേൽ സ്റ്റാറെയ്ക്ക് നിർണായകമാകും.
ബംഗളൂരുവിനോട് വീണ്ടും പരാജയപ്പെട്ടാൽ സീസണിലെ ആറാം തോൽവിയാകും അത്.
അടുത്ത മത്സരത്തിൽ കൊൽക്കത്തയിൽ പോയി ടേബിൾ ടോപ്പേഴ്സായ മോഹൻ ബഗാനെ നേരിടണമെന്നതാണ് മറ്റൊരു വെല്ലുവിളി. അത് കൊണ്ട് തന്നെ എന്ത് വില കൊടുത്തും ബ്ലാസ്റ്റേഴ്‌സിന് ഇന്നത്തെ മത്സരം ജയിക്കേണ്ടതുണ്ട്.
കഴിഞ്ഞ മത്സരത്തിൽ എഫ്സി ഗോവക്കെതിരെ ഇറങ്ങിയ ബ്ലാസ്റ്റേഴ്‌സിന്റെ സ്റ്റാർട്ടിംഗ് ഇലവനിൽ നിന്ന് ഇന്ന് മാറ്റങ്ങൾ ഉണ്ടാകാനാണ് സാധ്യത. റൈറ്റ് വിംഗിൽ കെ പി രാഹുലിന് പകരം കോറൂ സിംഗ് കളിച്ചേക്കും. പരിക്ക് കാരണം എഫ്സി ഗോവക്കെതിരെ ബുദ്ധിമുട്ടിയ സൂപ്പർ താരം നോഹ സദോയി പൂർണ്ണ ശാരീരിക ക്ഷമത വീണ്ടെടുത്തില്ലെങ്കിൽ ജിമെനസിനൊപ്പം മുന്നേറ്റ നിരയിൽ പെപ്ര കളിച്ചേക്കും. സെന്റർ ബാക്കായി മിലോസിന് പകരം കൊയ്ഫ് എത്താനും സാധ്യതയുണ്ട്. പിഴവുകളുടെ പശ്ചാത്തലത്തിൽ ഗോൾ കീപ്പർ സച്ചിൻ സുരേഷിന് പകരം നോറ ഫെർണാണ്ടസിന് ഒരവസരം കോച്ച് കൊടുക്കുമോ എന്നാണ് അറിയാനുള്ളത്.
ഇന്ന് രാത്രി 7.30നാണ് ബ്ലാസ്റ്റേഴ്‌സ് ബംഗളൂരു സൂപ്പർ പോരാട്ടം.
Discussion about this post