ന്യൂഡൽഹി : കേന്ദ്രമന്ത്രിയെ ഭീഷണിപ്പെടുത്തുകയും പണം ആവശ്യപ്പെടുകയും ചെയ്ത കേസിലെ പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതം. റാഞ്ചി എംപിയും കേന്ദ്ര പ്രതിരോധ സഹമന്ത്രിയുമായ സഞ്ജയ് സേത്തിനാണ് പണം ആവശ്യപ്പെട്ട് ഭീഷണി സന്ദേശം ലഭിച്ചത്. 50 ലക്ഷം രൂപയായിരുന്നു സംഘം കേന്ദ്രമന്ത്രിയിൽ നിന്നും ആവശ്യപ്പെട്ടത്.
തട്ടിപ്പ് സംഘം ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു എന്നാണ് സഞ്ജയ് സേത്തിന്റെ പരാതി. 50 ലക്ഷം രൂപ തന്നില്ലെങ്കിൽ ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാകും എന്നും സംഘം അറിയിച്ചു. ന്യൂഡൽഹിയിൽ പാർലമെൻ്റിൻ്റെ ശീതകാല സമ്മേളനത്തിൽ പങ്കെടുക്കുന്നതിനിടെ ആണ് കേന്ദ്രമന്ത്രിക്ക് ഫോണിൽ ഭീഷണി സന്ദേശം ലഭിച്ചത്.
സഞ്ജയ് സേത്തിന്റെ പരാതിയെ തുടർന്ന് ഡൽഹി പോലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. കേസിൻ്റെ വിശദാംശങ്ങൾ ശേഖരിക്കാൻ പോലീസ് കമ്മീഷണർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ ഡൽഹിയിലെ അദ്ദേഹത്തിൻ്റെ വസതിയിലെത്തി. ത്സാർഖണ്ഡിലെ ഹോസിറിൽ നിന്നുമാണ് കേന്ദ്രമന്ത്രിയുടെ ഫോണിലേക്ക് ഭീഷണി സന്ദേശം അയച്ചിരിക്കുന്നത് എന്നാണ് പോലീസ് കണ്ടെത്തിയിട്ടുള്ളത്.
Discussion about this post