മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കെതിരെ മുംബൈ പോലീസിന് വധഭീഷണി സന്ദേശം ലഭിച്ച സംഭവത്തില്‍ അന്വേഷണം ഊർജിതമാക്കി മുംബൈ പോലീസ് . രാജസ്ഥാനിലെ അജ്മീറിൽ രജിസ്റ്റർ ചെയ്ത നമ്പറിൽ നിന്നാണ് സന്ദേശം എത്തിയിരിക്കുന്നത് എന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സന്ദേശം അയച്ചതെന്ന് സംശയിക്കുന്നയാളെ പിടികൂടാനുള്ള നീക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. ട്രാഫിക് പോലീസിന്റെ ഹെൽപ്പ്ലൈനിലെ വാട്സ്ആപ്പിലേക്ക് ആണ് കഴിഞ്ഞ ദിവസം സന്ദേശം എത്തിയത്.
രണ്ട് ഐഎസ്ഐ ഭീകരർ രാജ്യത്ത് നുഴഞ്ഞുകയറിയിട്ടുണ്ടെന്നും സ്ഫോടനം നടത്താൻ ഇവർ പദ്ധതിയിടുന്നുണ്ടെന്നുമായിരുന്നു സന്ദേശം. പ്രധാനമന്ത്രിയാണ് ഇവരുടെ ലക്ഷ്യമെന്നും സ്ഫോടനത്തിലൂടെ അദ്ദേഹത്തെ വധിക്കാനാണ് പദ്ധതിയിടുന്നതെന്നും സന്ദേശത്തിൽ പറയുന്നു.
സന്ദേശം അയച്ചയാൾ മാനസിക അസ്വസ്ഥതയോ മദ്യലഹരിയിലോ ആയിരിക്കാം എന്നാണ് പോലീസ് സംശയിക്കുന്നത്. ഭാരതീയ ന്യായ സംഹിതയുടെ വകുപ്പുകൾ പ്രകാരം സംഭവത്തില്‍ എഫ്ഐആർ ഫയൽ ചെയ്തിട്ടുണ്ട്.
Discussion about this post